‘ഒരു’ വാക്കിനെചൊല്ലി ഭരണ-പ്രതിപക്ഷ വാദപ്രതിവാദം

തിരുവനന്തപുരം: ‘ഒരു’ വാക്കിനെ ചൊല്ലി സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ബില്‍ ഭേദഗതിയില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാദ പ്രതിവാദം. 2014ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ നിയമത്തിന്‍െറ മൂന്നാംവകുപ്പ് രണ്ടാം ഉപവകുപ്പ് (ബി) ഖണ്ഡത്തിലെ ‘മറ്റൊരു’ എന്ന വാക്കിന് പകരം ‘ഒരു’ വാക്ക് ചേര്‍ക്കുന്നതാണ് മുസ്ലിം ലീഗിന്‍െറ നേതൃത്വത്തില്‍ പ്രതിപക്ഷവും മന്ത്രി കെ.ടി. ജലീലിനൊപ്പം നിലയുറപ്പിച്ച ഭരണപക്ഷവും തമ്മിലെ വാദപ്രതിവാദത്തിന് ഇടയാക്കിയത്.

ദേശീയ ന്യൂനപക്ഷകമീഷന്‍ ആക്ടിന്‍െറ ചുവടുപിടിച്ചാണ് 2014ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാന കമീഷന്‍ രൂപവത്കരിച്ചത്. 2014ലെ ആക്ട് (എ) പ്രകാരം സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന സംസ്ഥാനത്തെ ഒരു ന്യൂനപക്ഷസമുദായത്തില്‍പെട്ടതും ന്യൂനപക്ഷവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രത്യേക പരിജ്ഞാനമുള്ളതും നിയമ പരിജ്ഞാനമുള്ളതുമായ ഒരാളെ ചെയര്‍പേഴ്സനാക്കാം. (ബി) വകുപ്പ് പ്രകാരം സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന സംസ്ഥാനത്തെ മറ്റൊരു ന്യൂനപക്ഷ സമുദായത്തില്‍പെട്ടതും ന്യൂനപക്ഷവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രത്യേക പരിജ്ഞാനമുവുള്ളയാളെ ഒരംഗമാക്കാം. ഇതില്‍ ‘മറ്റൊരു’ എന്ന വാക്കിന് പകരം ‘ഒരു’ ചേര്‍ത്ത് ഈ വകുപ്പ് ഭേദഗതി ചെയ്യാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ഫെബ്രുവരി രണ്ടിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.

അതിനുപകരം നിയമം കൊണ്ടുവരാന്‍ ഉദ്ദേശിച്ചാണ് വ്യാഴാഴ്ച മന്ത്രി കെ.ടി. ജലീല്‍ ഭേദഗതി ബില്‍ അവതരിപ്പിച്ചത്. ഭേദഗതിക്കെതിരെ ലീഗിലെ ടി.വി. ഇബ്രാഹീമിന്‍െറ നേതൃത്വത്തില്‍ പ്രതിപക്ഷം അണിനിരന്നു. അജ്ഞാതനായ വ്യക്തിയെ കമീഷന്‍ അംഗമാക്കാന്‍ മാത്രമാണ് ഭേദഗതി കൊണ്ടുവരുന്നതെന്ന് ഇബ്രാഹീം ആരോപിച്ചു. ചെയര്‍മാന്‍െറ സമുദായത്തില്‍പെട്ടയാളെ അംഗമാക്കരുതെന്നാണ് 2014ലെ നിയമത്തിലുള്ളത്.

ന്യൂനപക്ഷസമുദായത്തിലെ ഒരംഗത്തെയാണ് കൊണ്ടുവരുന്നതെന്ന് കോഴിക്കോട് അങ്ങാടിയില്‍ കേള്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരുദ്ദേശ്യമാണ് പിന്നിലെന്ന് എല്‍ദോസ് കുന്നപ്പള്ളി ചൂണ്ടിക്കാട്ടി. വ്യക്തിതാല്‍പര്യം സംരക്ഷിക്കല്‍ മാത്രമാണ് ലക്ഷ്യം. പ്രതിപക്ഷത്തിരുന്നപ്പോള്‍ അവതരിപ്പിച്ച ഭേദഗതികള്‍ ഇപ്പോള്‍ ഭരണപക്ഷം കൊണ്ടുവരുന്നില്ളെന്ന് അനൂപ് ജേക്കബും പറഞ്ഞു. എന്നാല്‍, പുതിയ അംഗം വരുന്നതോടെ സാമൂഹിക ഘടനയില്‍ മാറ്റമൊന്നുമുണ്ടാവുന്നില്ളെന്ന് കെ.വി. അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

ആക്ഷേപത്തിന് അടിസ്ഥാനമില്ളെന്ന് മന്ത്രി കെ.ടി. ജലീല്‍ പ്രതികരിച്ചു. യു.ഡി.എഫ് കാലത്ത് കമീഷനെ രാഷ്ട്രീയമായി വീതംവെച്ചു. കോണ്‍ഗ്രസുകാരനായ എ. വീരാന്‍കുട്ടിയെ ചെയര്‍മാനും മാണി ഗ്രൂപ്പിലെ വി.വി. ജോഷി, ലീഗിലെ കെ.പി. മറിയുമ്മ എന്നിവരെ അംഗങ്ങളുമാക്കി. ഈ സര്‍ക്കാര്‍ റിട്ട. വിജിലന്‍സ് ജഡ്ജി പി.കെ. ഹനീഫയെ ചെയര്‍മാനും കണ്‍സ്യൂമര്‍ റിഡ്രസല്‍ ഫോറം അംഗമായിരുന്ന ബിന്ദു തോമസിനെ അംഗവുമാക്കി കമീഷന്‍െറ യശസ്സുയര്‍ത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് അയച്ചു.

 

Tags:    
News Summary - minister kt jaleel tv ibrahim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.