ഭരണഘടന മൂല്യങ്ങൾ ഉയർത്തിക്കാട്ടി മന്ത്രി സജി ചെറിയാന്‍റെ റിപ്പബ്ലിക് ദിന സന്ദേശം

ആലപ്പുഴ: ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ കാത്തുസൂക്ഷിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍. ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുമ്പോൾ കാവലാളായി മാറണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആലപ്പുഴ റിക്രീയേഷന്‍ മൈതാനത്ത് ദേശീയ പതാക ഉയർത്തിയ ശേഷം നൽകിയ റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ചെറിയ ഇടവേളകളിലൊഴികെ ഇന്ത്യയിൽ ജനാധിപത്യം നിലനിർത്താൻ സാധിച്ചു. നമ്മുടെ അയൽരാജ്യങ്ങളിൽ പലപ്പോഴും ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. പട്ടാള ഭരണത്തിലേക്ക് വഴുതിവീഴുന്നത് കണ്ടു. ജനാധിപത്യത്തെ കൈയൊഴിഞ്ഞ് പട്ടാള ഭരണത്തിനുള്ള മുറവിളികളും ഉയർന്നു. എന്തെല്ലാം പോരായ്മകൾ എതെല്ലാം തരത്തിൽ ഉണ്ടായിട്ടും ജനാധിപത്യം അത്യന്തികമായി ക്രൂശിക്കപ്പെടരുതെന്ന് ഭരണഘടനാ ശിൽപികൾ നിഷ്കർഷിച്ചു.

ആ നിഷ്കർഷ ഭരണഘടനയിൽ പ്രതിഫലിക്കുകയും ചെയ്തു. എന്നാൽ, ഇന്ന് ഭരണഘടന അട്ടിമറിക്കാൻ നടക്കുന്ന സാഹചര്യത്തിൽ ഭരണഘടനയുടെ കാവലാളായി നാമോരോരുത്തരും മാറേണ്ടതുണ്ട്. പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കുമായി നിലയുറപ്പിക്കണമെന്ന് റിപ്പബ്ലിക് ദിനത്തിൽ പ്രതിജ്ഞ ചെയ്യാമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Full View

മുമ്പ് പ​​ത്ത​​നം​​തി​​ട്ട മ​​ല്ല​​പ്പ​​ള്ളി​​യി​​ൽ സി.​പി.​എം പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​മ്പോ​ൾ ഭരണഘടന സംബന്ധിച്ച് മ​​ന്ത്രിയായിരുന്ന സ​​ജി ചെ​​റി​​യാ​​ൻ നടത്തിയ പ​രാ​മ​ർ​ശ​ങ്ങൾ വി​​വാ​​ദത്തിന് വഴിവെച്ചിരുന്നു. ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയെന്ന് ആരോപണം ഉയർന്നതോടെ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് സജി ചെറിയാന് രാജിവെക്കേണ്ടി വന്നു.

'തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരൻമാരായത്.

മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാൽ, ഈ രാജ്യത്തെ ജനങ്ങളെ ​കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി ​വെച്ചിട്ടുണ്ട്.' -എന്നിങ്ങനെയായിരുന്നു സജി ചെറിയാന്‍റെ വിവാദ പരാമർശം.

രാജിക്ക് പിന്നാലെ ഇന്ത്യൻ ഭരണഘടനയെ അധിക്ഷേപിച്ച പരാതിയിൽ സജി ചെറിയാനെതിരെ മല്ലപ്പള്ളിയിലെ കീ​ഴ്​​വാ​യ്​​പൂ​ര്​ പൊലീസ് കേസെടുത്തു. എന്നാൽ, ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം സജി ചെറിയാൻ നടത്തിയില്ലെന്നും മറിച്ച് വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് ജനുവരി നാലിന് സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 

Tags:    
News Summary - Minister Saji Cherian's Republic Day message highlighting constitutional values

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.