മന്ത്രി വീണ ജോർജ് പുഷ്പലതയെ കാണാനെത്തിയപ്പോൾ

പുഷ്പം പോലെ വാക്സിനേഷൻ; പുഷ്പലതയെ കാണാൻ മന്ത്രി നേരിട്ടെത്തി

ചെങ്ങന്നൂർ: ഏഴര മണിക്കൂറുകൊണ്ട് 893 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നല്‍കിയ ചെങ്ങന്നൂർ ജില്ല ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പുഷ്പലതയെ കാണാൻ മന്ത്രി വീണാ ജോർജ് നേരിട്ടെത്തി. 

ആഗസ്റ്റ് 15നാണ് 893 പേർക്ക് പുഷ്പലത കുത്തിവെപ്പ് നൽകിയത്. എൽ.എച്ച് ഐ. വൽസല, ജെ.എച്ച്ഐ.മാരായ വിനീത്, ശ്രീരാജ്, ശ്രീദേവി, സ്റ്റാഫ് നേഴ്സ് ഷീജാമോൾ, രമ്യ, അശാവർക്കർ, അനുമോൾ എന്നിവരുൾപ്പെട്ട ടീം വർക്കാണ് ഈ നേട്ടത്തിനു കാരണമായതെന്ന് പുഷ്പലത 'മാധ്യമ'ത്തോട് പറഞ്ഞു. എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.

പുഷ്പലതയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ഗായിക കൂടിയായ പുഷ്പലത ചടങ്ങിൽ പാട്ടും പാടി. 'ദൈവസ്‌നേഹം വര്‍ണിച്ചീടാന്‍ വാക്കുകള്‍ പോരാ, നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ, കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്‌നേഹമോര്‍ത്താല്‍ എത്ര സ്തുതിച്ചാലും മതി വരുമോ?' ഇത്രയും പാടിയപ്പോഴേക്കും കണ്ണുനിറഞ്ഞു. കൈയ്യടിയും അഭിനന്ദനങ്ങളും ഉയർന്നു.

പേരും മുഖവുമറിയാതെ ആരുമറിയാതെ കഷ്ടപ്പെടുന്ന ഒരുപാട് പ്രവര്‍ത്തകരാണ് ആരോഗ്യവകുപ്പിനുള്ളതെന്നും  അങ്ങനെയുള്ളവരാണ് നമ്മുടെ സംവിധാനത്തെ മുന്നോട്ട് നയിക്കുന്നതെന്നും അവര്‍ക്കെല്ലാമുള്ള ആദരവു കൂടിയാണിതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. 




വളരെയധികം കഷ്ടപ്പെട്ടാണ് തനിക്കീ ജോലി കിട്ടിയതെന്ന് പുഷ്പലത പറഞ്ഞു. ഭര്‍ത്താവിന്‍റെയും വീട്ടുകാരുടെയും പിന്തുണയോടെയാണ് നഴ്‌സാകാന്‍ പഠിച്ചത്. ജോലിയിലും ആ ആത്മാര്‍ഥത തുടരുന്നു. ഇതിനോടൊപ്പം വാര്‍ഡുതല ജോലികളും മുടക്കമില്ലാതെ കൊണ്ടുപോകുന്നു.

ആലപ്പുഴ നഗരത്തിൽ ചന്ദനക്കാവ് തൈപ്പറമ്പിൽ കുടുംബാംഗമാണ് പുഷ്പലത. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഗിൽബർട്ടിനെ വിവാഹംകഴിച്ചതോടെ, തൃപ്പൂണിത്തുറ ഉദയംപേരൂർ തൈപ്പറമ്പിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലിചെയ്തുവരവേ പി.എസ്.സി മുഖേന സർക്കാർ നിയമനം ലഭിച്ചിട്ട് ഒന്നര വർഷമാകുന്നു. പ്രബേഷൻ കാലാവധി നവംബറിലേ പൂർത്തിയാകൂ.

Tags:    
News Summary - minister veena george meets pushpalatha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.