അടിമാലി: ഒരു വാർഡിൽ പരസ്പരം മത്സരിക്കാൻ മന്ത്രിയുടെ ബന്ധുക്കൾ. മന്ത്രി എം.എം. മണിയുടെ സ്വന്തം പഞ്ചായത്തായ ബൈസൺവാലിയിലാണ് അദ്ദേഹത്തിെൻറ ബന്ധുക്കൾ യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളായി രംഗത്തുള്ളത്. ബൈസൺവാലി പഞ്ചായത്ത് അഞ്ചാം വാർഡിലാണ് ഇൗ പോരാട്ടം. മന്ത്രി മണിയുടെ ഭാര്യാസഹോദരൻ തങ്കപ്പെൻറ ഭാര്യ ആനന്ദവല്ലിയുടെ സഹോദരൻ വി.ബി. സന്തോഷും മന്ത്രിയുടെ സഹോദരൻ എം.എം. ലംബോദരെൻറ ഭാര്യാസഹോദരൻ പി.എ. സുരേന്ദ്രനുമാണ് പരസ്പരം മത്സരിക്കുന്നത്.
സന്തോഷ് കോൺഗ്രസ് സ്ഥാനാർഥിയും സുരേന്ദ്രൻ സി.പി.എം സ്ഥാനാർഥിയുമായാണ്. 2015ൽ എൽ.ഡി.എഫ് സ്വതന്ത്രനായി ഏഴാംവാർഡിൽനിന്ന് വിജയിച്ചതാണ് സന്തോഷ്. ബൈസൺവാലിയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്തവരിൽ പ്രധാനിയായ വടക്കേത്തറയിൽ ഭാസ്കരെൻറ മകനാണ് സന്തോഷ്. മന്ത്രിയുടെ പഞ്ചായത്താണെങ്കിലും കഴിഞ്ഞ രണ്ടുവട്ടവും ബൈസൺവാലി ഭരിച്ചത് യു.ഡി.എഫാണ്. കേരള കോൺഗ്രസിന് വേരോട്ടമുള്ള ഇവിടെ ജോസ് കെ.മാണിയുടെ വരവോടെ പഞ്ചായത്ത് പിടിച്ചെടുക്കാമെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്. നിരവധി രാഷ്ട്രീയ സംഘട്ടനങ്ങൾക്കും കൊലപാതകങ്ങൾക്കും സാക്ഷ്യംവഹിച്ച പഞ്ചായത്താണ് ബൈസൺവാലി.
ജനപ്രതിനിധിക്ക് ചേരാത്ത സ്വഭാവ ദൂഷ്യങ്ങളുള്ളതിനാലാണ് സന്തോഷിനെ ഇത്തവണ സ്ഥാനാർഥി പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്ന് സി.പി.എം നേതാക്കൾ പറയുന്നു. ആരോപണം അടിസ്ഥാനരഹിതമെന്ന് സന്തോഷും. എൽ.ഡി.എഫ് സ്ഥാനാർഥി സുരേന്ദ്രൻ ബൈസൺവാലി സഹകരണ ബാങ്ക് മുൻ പ്രസിഡൻറുമാണ്. രാജക്കാട് പഞ്ചായത്ത് പ്രസിഡൻറായിരുന്ന എം.എം. മണിയുടെ മകൾ സതി ഇക്കുറിയും മത്സരിക്കുന്നുണ്ട്. രാജകുമാരി പഞ്ചായത്ത് പ്രസിഡൻറായിരുന്ന മറ്റൊരു മകൾ സുമ ഇത്തവണ മത്സരരംഗത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.