തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ് വിഷയത്തില്‍ യു.ഡി.എഫില്‍ ആശയക്കുഴപ്പം. നേരത്തേയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിൽ സ്കോളര്‍ഷിപ് നിശ്ചയിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടാക്കുന്നതാണെന്ന മുസ്ലിംലീഗിെൻറ നിലപാട് പരോക്ഷമായി തള്ളിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മണിക്കൂറുകൾക്കകം സ്വന്തം വാക്കുകൾ മയപ്പെടുത്തേണ്ടിവന്നു. പിന്നീട് തിരുത്തിയെങ്കിലും മുസ്ലിം സമുദായത്തിനുണ്ടാകാവുന്ന നഷ്ടം കണക്കിലെടുക്കാതെ സർക്കാറിനെ പിന്തുണച്ച് അഭിപ്രായപ്രകടനം നടത്തിയ പ്രതിപക്ഷനേതാവിെൻറ ആദ്യ നടപടിയിൽ മുസ്ലിംലീഗിന് അതൃപ്തിയുണ്ട്. അതേസമയം, ഇതര സമുദായങ്ങളുടെ താൽപര്യംകൂടി കണക്കിലെടുക്കേണ്ടതുള്ളതിനാൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ കോണ്‍ഗ്രസിൽ ആശയക്കുഴപ്പം തുടരുന്നു.
സമുദായ പിന്തുണ തിരിച്ചുപിടിക്കാന്‍ സ്കോളർഷിപ് വിഷയം ആയുധമാക്കി ശക്തമായ പ്രചാരണത്തിന് മുസ്ലിംലീഗ് തയാറെടുക്കുകയാണ്. അതിനിടെയാണ് സർക്കാർ തീരുമാനംവഴി ഒരു സമുദായത്തിനും നഷ്ടമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് നിലപാടെടുത്തത്. ഇത് ലീഗിെൻറ നിലപാട് പാടെ തള്ളുന്നതായിരുന്നു. അതിലുള്ള അതൃപ്തി പരസ്യമായിതന്നെ ലീഗ് നേതൃത്വം പ്രകടിപ്പിച്ചതിനെ തുടർന്നാണ് സതീശൻ മലക്കംമറിഞ്ഞത്. സർക്കാർ തീരുമാനത്തെ ഭാഗികമായി സ്വാഗതം ചെയ്യുകയാണെന്ന് തിരുത്തിയ സതീശൻ, ലീഗിെൻറ പരാതി കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു. അതോടെ വിഷയത്തിൽ യു.ഡി.എഫിെല ആശയക്കുഴപ്പം പരസ്യമായി. സതീശെൻറ ആദ്യ നിലപാടിലുള്ള അതൃപ്തി അദ്ദേഹത്തിെൻറ പേര് പറഞ്ഞാണ് ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ പ്രകടിപ്പിച്ചത്.
എല്ലാ സമുദായങ്ങളുടെയും പിന്തുണ അനിവാര്യമായതിനാൽ, ലീഗിനെപ്പോലെ ഒറ്റയടിക്ക് നിലപാട് സ്വീകരിക്കാന്‍ കഴിയില്ല എന്ന പ്രതിസന്ധി കോണ്‍ഗ്രസിനുണ്ട്. വിഷയത്തിൽ രണ്ടുദിവസത്തിനകം നിലപാട് എടുക്കുമെന്നാണ് കെ.പി.സി.സി പ്രസിഡൻറ് അറിയിച്ചത്. സർക്കാർ നയത്തോട് ചെറിയ പരാതിയുള്ളതിനാൽ മാറ്റംവേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.