കണ്ണൂർ: കാലിക്കറ്റ് സർവകലാശാല നടത്തിയ ബി.കോം പരീക്ഷയുടെ 200 ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഇത്തരം വീഴ്ചകൾ ഭാവിയിൽ സംഭവിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് അവരുടെ അധ്യയന വർഷത്തിൽ നഷ്ടം സംഭവിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് രജിസ്ട്രാർ കമീഷന് ഉറപ്പുനൽകി. ബി.കോം/ബി.ബി.എ കോഴ്സുകളിൽ 2020 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. മോണിറ്ററിങ് സെക്ഷനിൽനിന്നാണ് ഉത്തരക്കടലാസുകൾ നഷ്ടമായത്. ആവർത്തിച്ച് പരിശോധനകൾ നടത്തിയെങ്കിലും ഉത്തരക്കടലാസുകൾ കണ്ടെത്താനായില്ലെന്ന് രജിസ്ട്രാർ പറഞ്ഞു.
മോണിറ്ററിങ് സെല്ലിൽ പ്രവർത്തിക്കുന്ന ദിവസവേതനക്കാരെ ജോലിയിൽനിന്ന് മാറ്റിനിർത്താനും പരീക്ഷാഭവനിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചതായി സർവകലാശാല മനുഷ്യാവകാശ കമീഷനെ അറിയിച്ചു. തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് സർവകലാശാല പരാതിയും നൽകി.
പൊലീസന്വേഷണം നടക്കുന്നതിനാൽ കൂടുതൽ നടപടികൾ ആവശ്യമില്ലെന്ന് കമീഷൻ തീരുമാനിച്ചു. കണ്ണൂർ സ്വദേശിയായ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമീഷന്റെ ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.