അടിമാലി: അരിക്കൊമ്പന്‍ ദൗത്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ കുങ്കിയാനകളുടെ താവളം വനം വകുപ്പ് മാറ്റി. ചിന്നക്കനാൽ സിമന്റ് പാലത്തുനിന്ന് നാല് കിലോമീറ്റർ അകലെ 301 കോളനിക്ക് സമീപത്താണ് നാല് കുങ്കിയാനക്കും താൽക്കാലിക ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
സിമന്റ് പാലത്തെ ക്യാമ്പിൽ കുങ്കിയാനകളെ കാണാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് വനം വകുപ്പിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. സിമന്റ് പാലത്ത് താല്‍ക്കാലിക ക്യാമ്പിന് ഭൂമി വിട്ടുനല്‍കിയ എസ്റ്റേറ്റ് മാനേജ്മെന്റിന്റെ ആവശ്യംകൂടി പരിഗണിച്ചാണ് 301 കോളനിയിലേക്ക് മാറ്റിയത്. കോളനിയില്‍ താമസക്കാര്‍ ഒഴിഞ്ഞുപോയ വീടുകള്‍ക്കും ആനയിറങ്കല്‍ ജലാശയത്തിനും സമീപമാണ് ക്യാമ്പ്. കുങ്കിയാനകളുടെ പാപ്പാന്മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഈ വീടുകളിലാണ് താമസസൗകര്യം.
അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന് നാല് കുങ്കിയാനകൾ ഇടുക്കിയിലെത്തിയിട്ട് ആഴ്ചകളായി. ദൗത്യ സംഘാംഗങ്ങളും ജീവനക്കാരുമുൾപ്പെടെ ഇരുപത്തിയഞ്ചോളം പേരും ചിന്നക്കനാൽ സിമന്റ് പാലത്തെ ക്യാമ്പിലുണ്ട്. സ്വകാര്യ എസ്റ്റേറ്റിനോടനുബന്ധിച്ചാണ് താൽക്കാലിക ക്യാമ്പ് ഒരുക്കിയിരുന്നത്. അരിക്കൊമ്പൻ ദൗത്യം നീളുന്നത് എസ്റ്റേറ്റിന്റെ പ്രവർത്തനങ്ങളെ ബാധിച്ചതോടെയാണ് ക്യാമ്പ് മാറ്റാൻ വനം വകുപ്പ് നീക്കം തുടങ്ങിയത്.
ആനകളെ കാണാൻ സന്ദർശകരേറിയതും ക്യാമ്പിന് സമീപം അരിക്കൊമ്പനുൾപ്പെടെ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നതും പുതിയ സ്ഥലം കണ്ടെത്താൻ കാരണമാണ്. സന്ദർശകരെത്താത്ത വിധം ഉൾപ്രദേശത്താണ് പുതിയ ക്യാമ്പ്. അതേസമയം, ദൗത്യം നീളുന്നത് വനം വകുപ്പിന് വൻ സാമ്പത്തിക ബാധ്യതക്കും വഴിയൊരുക്കി. കുങ്കിയാനകൾക്കും ദൗത്യ സംഘത്തിനുമായി ഇതുവരെ പത്തുലക്ഷം രൂപ ചെലവഴിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.