ട്രെയിൻ കിട്ടിയില്ല, പയ്യോളിയിൽ നിന്ന് എറണാകുളത്തേക്ക് ആംബുലൻസ് വിളിച്ചു; പൊലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: പയ്യോളിയിൽ നിന്ന് എറണാകുളത്തേക്ക് പോകാൻ ട്രെയിൻ കിട്ടാത്തതിനെ തുടർന്ന് ആംബുലൻസിൽ യാത്ര ചെയ്തത് പൊലീസ് പൊക്കി. രണ്ട് സ്ത്രീകളാണ് യാത്രക്ക് ആംബുലൻസ് വിളിച്ചത്. തുറയൂർ പെയിൻ ആൻഡ് പാലിയേറ്റിവിന്റെ ആംബുലൻസിലാണ് ഇവർ യാത്ര ചെയ്തത്. ആംബുലൻസ് തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു.

പണം നൽകാം, എത്രയും പെട്ടെന്ന് എറണാകുളത്ത് എത്തിക്കണമെന്ന് പറഞ്ഞാണ് സ്ത്രീകൾ ആംബുലൻസ് വിളിച്ചത്. പയ്യോളിയിലെ ആംബുലൻസ് ഡ്രൈവർമാരെയാണ് സ്ത്രീകൾ ആദ്യം സമീപിച്ചത്. എന്നാൽ ഡ്രൈവര്‍മാര്‍ ആവശ്യം നിരസിച്ചു.

പിന്നീട് ഇവര്‍ ഓട്ടോ മാർഗം തുറയൂരില്‍ എത്തുകയും അവിടെയുള്ള തുറയൂർ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ ആംബുലൻസില്‍ എറണാകുളത്തേക്ക് യാത്ര പുറപ്പെടുകയുമായിരുന്നു. ഇക്കാര്യം സ്ത്രീകളെ തുറയൂരിൽ കൊണ്ടുവിട്ട ഓട്ടോ ഡ്രൈവർ പയ്യോളിയിലെ ആംബുലൻസ് ഡ്രൈവർമാരോട് വിളിച്ചു പറഞ്ഞു.

ഇതിന് പിന്നാലെ ആംബുലൻസ് ഡ്രൈവർമാർ ഈ ആംബുലൻസിന്റെ ഫോട്ടോയും സന്ദേശവും വെച്ച് പൊലീസ്, ആർ.ടി.ഒ ഉൾപ്പടെയുളളവർക്ക് പരാതി നൽകുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് ആംബുലൻസ് ഡ്രൈവർ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.

ആത്യാവശ്യമായി എറണാകുളത്തേക്ക് പോകേണ്ടതിനാലാണ് ആംബുലൻസ് വിളിച്ചതെന്ന് സ്ത്രീകൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസ് സ്ത്രീകളെ എറണാകുളത്തേക്ക് ബസ്സിൽ കയറ്റി വിട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. 

Tags:    
News Summary - Misused ambulance taken into police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.