തിരുവനന്തപുരം: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡനക്കുറ്റവും ചുമത്താൻ സാധ്യത. കേസ് അന്വേഷിക്കുന്ന ജില്ല ക്രൈംബ്രാഞ്ച് മുമ്പാകെ പരാതിക്കാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം. കഴിഞ്ഞദിവസം കോവളം പൊലീ
സിൽ ഹാജരായി യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി എൽദോസിനെതിരെ കേസെടുത്തിരുന്നു. കോവളം എസ്.എച്ച്.ഒക്കെതിരെ പരാതിക്കാരി ആക്ഷേപമുന്നയിച്ച സാഹചര്യത്തിൽ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കഴിഞ്ഞദിവസംതന്നെ സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻ കുമാർ കൈമാറി.
ബുധനാഴ്ച വൈകീട്ടോടെ യുവതി ക്രൈംബ്രാഞ്ച് മുമ്പാകെയും മൊഴി നൽകി. കഴിഞ്ഞദിവസം മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിലെ കാര്യങ്ങൾതന്നെയാണ് ക്രൈംബ്രാഞ്ച് മുമ്പാകെയും യുവതി ആവർത്തിച്ചതെന്ന് അറിയുന്നു. എൽദോസ് കുന്നപ്പിള്ളി തന്നെ പലയിടങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന മൊഴിയാണ് മജിസ്ട്രേറ്റ് മുമ്പാകെ നൽകിയിരുന്നത്. മദ്യപിച്ചെത്തി മർദിക്കുന്നത് പതിവായിരുന്നെന്നും പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി നിലവിൽ തലസ്ഥാനത്തില്ല. അദ്ദേഹം മടങ്ങിയെത്തിയ ശേഷമാകും പുതിയ വകുപ്പുകൾ ചുമത്തുന്നതുൾപ്പെടെ കാര്യങ്ങളിൽ തീരുമാനമെടുക്കുക.
അതിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഏൽദോസ് കുന്നപ്പിള്ളി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം ശനിയാഴ്ച പരിഗണിക്കും. യുവതിയെ ശാരീരികമായി പീഡിപ്പിച്ചെന്നാരോപിച്ച് കോവളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം ജില്ല കോടതിയിലാണ് എൽദോസ് ആദ്യം ജാമ്യാപേക്ഷ സമർപ്പിച്ചത്.
കേസിൽ വാദം കേൾക്കാൻ ജില്ല കോടതി അഡീ. സെഷൻസ് കോടതിക്ക് കൈമാറി. സമൂഹമാധ്യമത്തിന്റെ പി.ആർ ഉദ്യോഗസ്ഥയായാണ് പരാതിക്കാരി താനുമായി സൗഹൃദമുണ്ടാക്കിയതെന്ന് എൽദോസ് മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചശേഷം പണം ആവശ്യപ്പെടുകയും അതു നിരസിച്ചപ്പോൾ പീഡന പരാതിയുമായി പൊലീസിനെ സമീപിക്കുകയുമാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.