തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിെൻറ പരിണാമങ്ങൾക്ക് സാക്ഷിയായ ചരിത്രമന്ദിരത്തിൽ ചട്ടങ്ങളുടെ പിരിമുറുക്കങ്ങളില്ലാതെ അവർ വീണ്ടും ഒത്തുചേർന്നു. ആറു പതിറ്റാണ്ടത്തെ നിയമസഭ ഓര്‍മകളും അനുഭവങ്ങളും ഒരിക്കൽകൂടി പങ്കുവെച്ചായിരുന്നു കൂടിച്ചേരൽ. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് മുൻ സാമാജികർ ചരിത്രം സ്പന്ദിക്കുന്ന പഴയ നിയമസഭ ഹാളിൽ സംഗമിച്ചത്. പഴയ ഇരിപ്പിടം തിരിച്ചറിഞ്ഞും ഗൃഹാതുര സ്മരണകൾ ഒാർത്തെടുത്തും സൗഹൃദം പുതുക്കിയുമെല്ലാം അവർ കൂടിച്ചേരൽ ഉത്സവമാക്കി. ജൂബിലി ആഘോഷങ്ങളിൽ മാത്രമല്ല, ഇടക്കിടെ ഇത്തരം കൂടിച്ചേരലുകളുണ്ടാകണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
നിയമസഭ കൂടുന്നത് കെട്ടിടത്തിനുള്ളിലാണെങ്കിലും അത് പിറവികൊള്ളുന്നത് പൊതുജനങ്ങളിലും പ്രവർത്തിക്കുന്നത് ജനാഭിപ്രായപ്രകാരവുമാണ്. നിയമസഭയുടെ ചരിത്രം ആ സമൂഹങ്ങളുടെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക ചരിത്രം കൂടിയാണ്. മുൻ സാമാജികരുമായി സംവദിക്കാനുള്ള അവസരം ഇവരുടെ അനുഭവസമ്പത്ത് അറിയാനും പ്രേയാജനപ്പെടുത്താനുമുള്ള വേദികൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക പരിവർത്തനത്തിെൻറ ആയുധമാണ് നിയമസഭകളെന്നും രാജ്യത്തെ മറ്റ് നിയമസഭകൾക്ക് ചിന്തിക്കാൻ പോലുമാകാത്ത ഭൂപരിഷ്കരണമടക്കം പുരോഗമനപരമായ നിരവധി നിയമങ്ങൾ പാസാക്കിയ സഭയാണ് കേരളത്തിലേതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, ഇന്നത്തെ സമാജികർ ഉത്തരവാദിത്തങ്ങൾ യഥാവിധി നിർവഹിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധന നടത്തണം. ഏറെ പ്രശംസിക്കപ്പെട്ട കേരള മോഡലിന് നിറംമങ്ങി.
പഴകി പുളിച്ച പ്രത്യയശാസ്ത്രങ്ങളുടെ തടവറകളിൽനിന്ന് കേരളം മോചിതമാകണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിെൻറ ശക്തി പൊലീസും പട്ടാളവുമല്ല, മറിച്ച് ജനങ്ങളുടെ വിശ്വാസമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചൂണ്ടിക്കാട്ടാൻ തെറ്റുകളുടെയും കുറവുകളുടെയും അനുഭവങ്ങളുണ്ടെങ്കിലും അന്തസ്സിെൻറയും ആഭിജാത്യത്തിെൻറയും തെളിവാണ് നിയമസഭയിലെ ഉയർന്ന ജനാധിപത്യ സംവാദങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കെ.ആർ. ഗൗരിയമ്മ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, മുൻ സ്പീക്കർ എം. വിജയകുമാർ, നിയമസഭ സെക്രട്ടറി വി.കെ. ബാബുപ്രകാശ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.