കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈകോടതി ഉത്തരവ്. മൃതദേഹം മെഡിക്കൽകോളജിന് വിട്ടു നൽകരുതെന്നാവശ്യപ്പെട്ട് ലോറൻസിന്റെ മകൾ ആശ സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്.
കളമശ്ശേരി മെഡിക്കൽ കോളജ് ഓഫിസർ വിഷയം തീർപ്പാക്കണമെന്നും കോടതി നിർദേശിച്ചു. തീരുമാനമെടുക്കേണ്ടത് ഓതറൈസേഷൻ ഓഫിസറാണ്. കേരള അനാട്ടമി ആക്ട് പ്രകാരം വിഷയത്തിൽ നിയമവശങ്ങൾ പരിശോധിച്ചു മറ്റു നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വിധി അംഗീകരിക്കുന്നതായി സി.പി.എം പ്രതികരിച്ചു. നിലവിൽ എറണാകുളം ടൗൺഹാളിൽ പൊതുദർശനം നടന്നുകൊണ്ടിരിക്കുകയാണ്.
വൈദ്യപഠനത്തിനായി മൃതദേഹം വിട്ടുകൊടുക്കാൻ താൽപര്യമില്ലെന്നും അക്കാര്യത്തിൽ എല്ലാ മക്കളുടെയും അഭിപ്രായം ആരാഞ്ഞ ശേഷം വേണമായിരുന്നു തീരുമാനമെടുക്കാനെന്നും ആശ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഇതുസംബന്ധിച്ച് ആശ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിപ്പും പങ്കുവച്ചിരുന്നു. ലോറൻസിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയാണെന്നും ലോറൻസിനേക്കാൾ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകർമങ്ങൾ ക്രിസ്തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശ ലോറൻസ് ഫേസ്ബുക്കിൽ കുറിച്ചു.
എന്നാൽ പിതാവിന്റെ ആഗ്രഹപ്രകാരമാണ് മെഡിക്കൽ കോളജിന് മൃതദേഹം കൈമാറാൻ തീരുമാനിച്ചതെന്ന് മകൻ സജീവ് വ്യക്തമാക്കി. സഹോദരിക്ക് വേണ്ടി ഹാജരായത് സംഘ്പരിവാർ ബന്ധമുള്ള അഭിഭാഷകനാണ്. സി.പി.എമ്മിനേയും പാർട്ടി നേതാക്കളെയും പൊതുജന മധ്യത്തിൽ അവഹേളിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്നും സജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.