മണിയുടേത് നാടൻ ശൈലിയെന്ന് മുഖ്യമന്ത്രി; ഇടുക്കിക്കാരെ അപമാനിക്കരുതെന്ന് തിരുവഞ്ചൂർ

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എം.എം മണിയുടേത് നാടൻ ശൈലിയെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നൽകിയ മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. മണിയുടെ പ്രസംഗത്തെ എതിരാളികൾ പർവതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും പിണറായി ആരോപിച്ചു.

മണിയുടേത് നാടൻ ശൈലിയെന്ന് പറഞ്ഞ് ഇടുക്കിക്കാരെ അപമാനിക്കരുതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ നിരവധി തവണ മണി പ്രസംഗിച്ചിട്ടുണ്ട്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ, ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ അടക്കമുള്ളവർക്കെതിരെ മോശം പരാമർശങ്ങൾ നടത്തി. ഇത്തരത്തിലുള്ള ഒരാളെ എങ്ങനെ മന്ത്രിയായി കൊണ്ടു നടക്കുന്നുമെന്നും തിരുവഞ്ചൂർ ചോദിച്ചു.

ഭൂമി കൈയ്യേറ്റം ഒഴിപ്പിച്ച റവന്യൂ വകുപ്പിന്‍റെ നിലപാടിനെയും മുഖ്യമന്ത്രി തള്ളിപറഞ്ഞു. പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്യാൻ പോയ കാര്യം പൊലീസിനെ അറിയിച്ചില്ലെന്ന് പിണറായി പറഞ്ഞു. അർധരാത്രിയിലാണ് 144 പ്രഖ്യാപിച്ചത്. അത്തരത്തിലുള്ള നടപടിക്ക് മുമ്പ് പൊലീസുമായി ആലോചിക്കണം. എന്നാൽ, ഇക്കാര്യത്തിൽ വീഴ്ചയുണ്ടായി. പുലർച്ചെയാണ് കുരിശ് നീക്കം ചെയ്തത്. മൂന്നാറിൽ പല മതവിഭാഗങ്ങളുടെയും മതചിഹ്നങ്ങളും മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും തർക്ക ഭൂമിയിലാണ് നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂരിനെ പ്രസംഗിക്കാൻ അനുവദിക്കുന്നതിന് മുമ്പ് എം.എം മണിക്ക് സ്പീക്കർ ആദ്യം അവസരം നൽകിയത് പ്രതിപക്ഷ ബഹളത്തിന് വഴിവെച്ചു. തുടർന്ന് ആദ്യം പ്രസംഗിക്കാൻ തിരുവഞ്ചൂരിനെ ക്ഷണിക്കുകയായിരുന്നു. തിരുവഞ്ചൂരിന് ശേഷം കീഴ്വഴക്കമനുസരിച്ച് മുഖ്യമന്ത്രിയാണ് മറുപടി നൽകേണ്ടത്. എന്നാൽ, ഇതിന് മുമ്പായി മണിയെ പ്രസംഗിക്കാൻ വിളിച്ചതും പ്രതിപക്ഷ ബഹളത്തിന് വഴിവെച്ചു. സഭയിലെ കീഴ്വഴക്കങ്ങൾ ലംഘിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നിയമസഭക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ രൂക്ഷമായി വിമർശിച്ചു. കറുത്ത ബാനറുകളുമായി സഭയിലെത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സ്പീക്കർ  പറഞ്ഞു. സ്പീക്കറുടെ ഇരിപ്പിടം മറക്കുന്ന നിലയിൽ കറുത്ത ബാനർ ഉയർത്തുന്നു. മറ്റ് നിയമസഭകളിൽ ഇത്തരത്തിൽ പ്രതിഷേധങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - mm mani pinarayi vijayan thiruvanchoor radhakerishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.