അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി മൊബൈൽ ക്രഷ്

കൊച്ചി: അതിഥി തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ക്ഷേമവും സുരക്ഷയും സർക്കാരും ജില്ലാ ഭരണകൂടവും ഉറപ്പുവരുത്തുമെന്ന് കളക്ടർ എൻ.എസ്.കെ ഉമേഷ്‌. അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി ഒരുക്കിയ മൊബൈൽ ക്രഷ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൊബൈൽ ക്രഷ് ഒരു തുടക്കമാണെന്നും വരും കാലങ്ങളിൽ കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ മൊബൈൽ ക്രഷ് ആരംഭിക്കുന്നത്.

നേരത്തേ വെങ്ങോലക്ക് സമീപം പ്ലൈവുഡ് കമ്പനിയിലെ ചളിക്കുണ്ടിൽ വീണ് കുട്ടി മരിച്ച സംഭവത്തെത്തുടർന്നാണ് ജോലിക്ക് പോകുന്ന അതിഥി തൊഴിലാളികളുടെ മക്കൾക്കായി ഡേ കെയർ സംവിധാനം ആരംഭിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ആറ് മാസം മുതൽ ആറ് വയസുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. രാവിലെയും വൈകീട്ടും വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. വെങ്ങോല പഞ്ചായത്തിലെ ഓണംകുളത്ത് ആരംഭിച്ച മൊബൈൽ ക്രഷ് രാവിലെ ഏഴു മുതൽ വൈകിട്ട് എഴുവരെ പ്രവർത്തിക്കും. ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ നാല് ജീവനക്കാരെയും നിയമിച്ചു.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സി.ഐ. ഐ.)ഫൗണ്ടേഷനും വെങ്ങോല സോ മില്ല് ആൻഡ് പ്ലൈവുഡ് മാനുഫാക്ചേഴ്സ് അസോസിയേഷനും(സോപ്മ) ചേർന്നാണ് പ്രവർത്തനങ്ങൾക്കാവശ്യമായ തുക നൽകുന്നത്. ക്രഷിലേക്കാവശ്യമായ ഉപകരണങ്ങൾ, പാത്രങ്ങൾ, ബാല സൗഹൃദ കളിയുപകരണങ്ങൾ, ബാല സൗഹൃദ പെയിന്റിങ്, ക്രഷ് പ്രവർത്തകരുടെ ഹോണറേറിയം എന്നിവ സി. .ഐ ഫൗണ്ടേഷനും കുട്ടികളുടെ ആഹാരം, കെട്ടിട വാടക, വാഹനം എന്നിവയുടെ ചെലവ് സോപ്മയുമാണ് വഹിക്കുന്നത്.

മൊബൈൽ ക്രഷിന്റെ മേൽനോട്ടത്തിനായി ക്രഷ് വെൽഫെയർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആവശ്യമായ മാർഗ നിർദേശങ്ങൾ വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരായ ഐ.സി.ഡി.എസ് സൂപ്പർവൈസർ, സി.ഡി.പിഒ, പ്രോഗ്രാം ഓഫീസർ എന്നിവർ നൽകും. ചടങ്ങിൽ വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Mobile crush set up for children of guest workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.