പാലക്കാട്: വിലക്കുകൾ മറികടന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂളിൽ പതാക ഉയർത്തി. റിപബ്ലിക് ദിനത്തിൽ പതാക ഉയർത്തുന്നതിന് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇത് മറികടന്നാണ് മോഹൻ ഭാഗവത് പതാക ഉയർത്തിയത്. സ്കൂൾ മേലധികാരികൾ വേണം പതാക ഉയർത്താനെന്നായിരുന്നു സർക്കാർ നിർദേശം
നമ്മുടെ സംസ്കൃതി ലോകത്തിന് മാർഗദർശിയാണെന്ന് റിപബ്ലിക് ദിനത്തിലെ പരിപാടികൾ ഉദ്ഘാടനം ചെയ്ത് മോഹൻ ഭാഗവത് പറഞ്ഞു. ആ സംസ്കൃതിയുടെ അടയാളമാണ് ദേശീയ പതാകയുടെ മുകളിലുള്ളത്. നടുവിൽ കാണുന്ന നിറം നമ്മുടെ നൈർമല്യമാണ്. സമൃദ്ധിയുടെ നിറമാണ് പച്ച. ലോകം മുഴുവൻ ഭാരതം ജയിക്കണം എന്നാണ് ഗാഹേ തവ ജയ ഗാഥ എന്നു കൊണ്ട് ഉദ്ദേശിക്കുന്നത്.
രാജ്യത്തിെൻറ സവിശേഷ സ്വഭാവം സ്വന്തം സ്വഭാവമാക്കി മാറ്റാൻ പൗരൻ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം, മോഹൻ ഭാഗവത് പതാകയുയർത്തിയത് സംബന്ധിച്ച് വിശദീകരണവുമായി സ്കൂൾ രംഗത്തെത്തി. സി.ബി.എസ്.ഇ സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന വിദ്യാലയത്തിന് കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ബാധകമാവില്ലെന്നാണ് സ്കുൾ അധികാരികൾ ഉയർത്തുന്ന വാദം. പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്ന ഉത്തരവുകൾ മുമ്പും തങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്നും ഇവർ അവകാശപ്പെടുന്നു. നേരത്തെ കഴിഞ്ഞ സ്വാതന്ത്രദിനത്തിൽ പാലക്കാട് കർണ്ണകിയമ്മൻ സ്കൂളിൽ മോഹൻ ഭാഗവത് പതാകയുയർത്തിയത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.