പി. മോഹനൻ മാസ്റ്റർ

ജോർജ് എം തോമസിന് പിശക് പറ്റി; ലൗജിഹാദ് സംഘ്പരിവാർ സൃഷ്ടിയെന്ന് മോഹനൻ മാസ്റ്റർ

കോടഞ്ചേരിയിലെ മിശ്രവിവാഹത്തിൽ പാർട്ടി അസ്വാഭാവികത കാണുന്നില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ. ഡി.വൈ.എഫ്.ഐ ഭാരവാഹിയും മുസ്‍ലിം സമുദായത്തിൽ നിന്നുള്ളയാളുമായ ഷെജിനും കൃസ്ത്യൻ വിഭാത്തിൽ നിന്നുള്ള ജോയ്സനയുമായുള്ള വിവാഹം വിവാദമായ സാഹചര്യത്തിലാണ് മോഹനൻ മാസ്റ്ററുടെ പ്രതികരണം. ഈ വിവാഹം സമുദായങ്ങൾ തമ്മിൽ കലാപമുണ്ടാക്കാൻ ഇടവരുത്തുന്ന നടപടിയാണെന്ന് മുൻ എം.എൽ.എയും സി.പിഎം ​ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ജോർജ് എം തോമസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ജോർജ് എം തോമസിന്റെ പ്രതികരണം പിശകായിരുന്നുവെന്നും പി മോഹനൻ മാസ്റ്റർ പറഞ്ഞു.

'ഷെജിനും ജോയ്സനയുമായുള്ള വിവാഹം അവരുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. ഒളിച്ചോടി എന്നാണ് മാധ്യമങ്ങൾ പറയുന്നത്. അത് വേണ്ടിയിരുന്നില്ല. ഒരു തട്ടിക്കൊണ്ടു പോകുന്ന രീതിയോ മറ്റോ അതിലടങ്ങിയിട്ടുണ്ടെങ്കിൽ ഒരു തരത്തിലും പാർട്ടി അത് അംഗീകരിക്കില്ല.' -മോഹനൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു.

'ഇതിനകത്ത് ലൗജിഹാദൊന്നും ഉൾപ്പെട്ടിട്ടില്ല. ലൗജിഹാദെന്നൊക്കെ പറയുന്നത് ആർ.എസ്.എസും സംഘ് പരിവാറും രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വേട്ടയാടാനും ആക്രമിക്കാനും ആക്ഷേപിക്കാനുമെല്ലാം ബോധപൂർവം എഴുന്നള്ളിച്ച് കൊണ്ടുവരുന്ന ചില പ്രയോഗങ്ങളാണ്. ഇതിനകത്തൊന്നും അത്തരം യാതൊരു പ്രശ്നങ്ങളോ ബന്ധങ്ങളോ ഇല്ല. സഖാവ് ജോർജ് എം തോമസ് ഇത് സംബന്ധിച്ച് മാധ്യമ​ങ്ങളോട് പ്രതികരിക്കുന്നതിനിടയിൽ ചില പിശകുകൾ അദ്ദേഹത്തിന്റെ ഭാഗത്ത് വന്നതായി പാർട്ടിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അത് അദ്ദേഹത്തിനും ബോധ്യപ്പെട്ട് പാർട്ടിയെ അറിയിച്ചിട്ടുണ്ട്. അത് പാർട്ടിയുടെ ഒരു ​പൊതു സമീപനത്തിന് എതിരായ പ്രതികരണത്തിന് ഇടയാക്കിയിട്ടുണ്ട്. അത് ഒരു നാക്ക് പിഴവായി കണക്കാക്കിയാൽ മതി' -മോഹനൻ മാസ്റ്റർ വിശദീകരിച്ചു.

പ്രായപൂർത്തിയായവർക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യാനും ഒരുമിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന് മോഹനൻ പറഞ്ഞു. തനിക്കിഷ്ടപ്പെട്ടയാളുടെ കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ജോയ്സന കോടതയിൽ പറഞ്ഞത്. അതോടെ ഈ അധ്യായം അടഞ്ഞിരിക്കുന്നു. ചിലയാളുകൾ രാഷ്ട്രീയ താൽപര്യം മുൻനിർത്തി വ്യത്യസ്ത സമുദായങ്ങളെ തമ്മിലടിപ്പിക്കാനും പാർട്ടിയെ അധി​ക്ഷേപിക്കാനും ഈ അവസരം ഉപയോഗിക്കുന്നുണ്ട്. അതനുവദിക്കില്ലെന്നും മോഹനൻ മാസ്റ്റർ പറഞ്ഞു. 

Tags:    
News Summary - Mohanan master rejects George's argument

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.