കോഴിക്കോട്: മുഖ്യമന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും പേരുപറഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ആശ്രിത നിയമന ഉത്തരവും കണ്ണൂർ വിമാനത്താവളത്തിൽ ജോലിയും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കണ്ണൂർ എടക്കാട് സ്വദേശി പാലിശ്ശേരി വീട്ടിൽ പി. സതീശനെയാണ് (61) കസബ പൊലീസ് ഇന്ത്യൻ ശിക്ഷ നിയമം 420ാം വകുപ്പുപ്രകാരം വഞ്ചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. സി.പി.എം മുൻ കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ശശിയുടെ സഹോദരനാണ് പ്രതി.
പഞ്ചായത്ത് വകുപ്പില്‍ ജോലി ചെയ്യവെ മരിച്ച ഭര്‍ത്താവിെൻറ ആശ്രിത നിയമനത്തിന് ഉടൻ ഉത്തരവ് ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഫറോക്ക് സ്വദേശിയില്‍നിന്ന് സതീശന്‍ രണ്ടരലക്ഷം കൈപ്പറ്റിയെന്നാണ് ഒരുപരാതി. പാര്‍ട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞ് പലതവണയായി സതീശന്‍ പണം കൈപ്പറ്റുകയായിരുന്നുവത്രെ. വിശ്വാസ്യതക്ക് രണ്ടുലക്ഷം രൂപയുടെ ചെക്ക് പ്രതി ഇവർക്ക് നല്‍കി. പണം നൽകിയിട്ടും നിയമന അറിയിപ്പ് കിട്ടാത്തതിനെ തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കൂടാതെ ഒളവണ്ണ സ്വദേശി അക്ഷയ്, മാത്തോട്ടം സ്വദേശി സുജിത്ത് എന്നിവരില്‍നിന്നും പണം വാങ്ങി തട്ടിപ്പു നടത്തിയതായും പരാതിയുണ്ട്. തെൻറ കൈയിൽനിന്ന് 10,000 രൂപയും സഹോദരനിൽനിന്ന് 15,000 രൂപയും സതീശൻ വാങ്ങിയെന്ന് അക്ഷയ് പറഞ്ഞു. മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും പേര് പറഞ്ഞാണിത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്ലാനിങ് എന്‍ജിനീയര്‍, ഓഫിസ് സ്റ്റാഫ് ജോലികളാണ് വാഗ്ദാനം ചെയ്തത്. മുഖ്യമന്ത്രിയുടെ നാടായ പിണറായിക്കാരനാണെന്നും അദ്ദേഹത്തിെൻറ പി.എ ആണെന്നും സതീശൻ പഞ്ഞിരുന്നു. നവംബറില്‍ ജോലി ശരിയാക്കാമെന്നായിരുന്നു ഉറപ്പ്. ജോലി ലഭിക്കാതായപ്പോള്‍ യുവാക്കള്‍ സതീശനുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോൾ പണം തിരിച്ചുതരാമെന്നും ജോലി ലഭിച്ചശേഷം തന്നാല്‍ മതിയെന്നും പറഞ്ഞു. മാസങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തതിനാലാണ് പരാതി നല്‍കിയത്.
സിന്‍ഡിക്കേറ്റ് ബാങ്കിലെ അക്കൗണ്ടില്‍ സതീശന്‍ പണം പറ്റിയതിെൻറ രസീതി ഇരുവരും പൊലീസില്‍ ഹാജരാക്കി. സതീശനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്ക് സി.പി.എം നേതാക്കളുമായി ബന്ധമില്ലെന്നും വര്‍ഷങ്ങളായി വീട്ടില്‍നിന്ന് മാറിത്താമസിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, സതീശനെതിരെ പരാതിയുമായി സ്‌റ്റേഷനിലെത്തിപ്പോള്‍ കസബ പൊലീസ് ആദ്യം അേന്വഷിക്കാൻ തയാറായില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.