ഷാർജ: പാലക്കാട് എത്തിയ പെട്ടിയല്ല, പണമാണ് കണ്ടെത്തേണ്ടതെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി പി. സരിൻ. എ.ഐ ഉപയോഗിച്ച് ശബ്ദം മാറ്റി തനിക്കെതിരെ പ്രചാരണം നടക്കുന്നുണ്ടെന്നും സരിൻ പറഞ്ഞു. ഭാര്യയുടെ പുസ്തക പ്രകാശന പരിപാടിക്കാണ് സരിൻ ഷാർജയിലെത്തിയത്.
“ആ പെട്ടിയിൽ പണമുണ്ടോ ഇല്ലയോ എന്നുള്ള ചർച്ച ദയവായി അവസാനിപ്പിക്കണം. പണമുള്ള പെട്ടി ഏതാണെന്നാണ് കണ്ടെത്തേണ്ടത്. വോട്ടിന് പണം നൽകുന്നുവെന്ന് ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. തെളിവ് ലഭിച്ചാലേ അത് പറയൂ. ബൂത്തുകളിൽ പ്രവർത്തകർക്ക് പണം നൽകുന്നുണ്ടെന്നാണ് പറഞ്ഞത്. അത് കണക്കിൽ പെടാത്ത പണമാണ്. അങ്ങനെ വരുന്നത് കള്ളപ്പണമല്ലേ.
എന്‍റെ ശബ്ദം എ.ഐ ഉപയോഗിച്ച് കൃത്രിമമായി നിർമിച്ച് വിഡിയോ ഉണ്ടാക്കി ഞാൻ പറയാത്ത കാര്യങ്ങൾ വ്യാജമായി പ്രചരിപ്പിക്കുന്നുണ്ട്. ശബ്ദം ഇപ്പോൾ മാറിയിരിക്കുന്നത് നന്നായെന്നാണ് ഇപ്പോൾ കരുതുന്നത്. വെറുപ്പിലൂടെയല്ല ജനങ്ങളിലേക്ക് എന്നേണ്ടത് എന്ന കാര്യം കൂടി ഓർപ്പിക്കുകയാണ്” -സരിൻ പറഞ്ഞു.
നേരത്തെ ട്രോളി വിവാദത്തിൽ പലതവണ അഭിപ്രായം മാറ്റിപ്പറഞ്ഞ സരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം രംഗത്ത് വന്നിരുന്നു. മലക്കം മറിഞ്ഞ് നല്ല ശീലമുള്ള ഒരു സ്ഥാനാർഥിയെ കൈയ്യിൽ കിട്ടിയെന്ന് വെച്ച് ആ പാവത്തെ ഇങ്ങനെയിട്ട് വട്ടു കളിപ്പിക്കരുത് എന്നേ സിപിഎം നേതാക്കളോട് പറയാനുള്ളൂ എന്നാണ് ബൽറാം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞത്. പാലക്കാട്ടെ പൊലീസ് റെയ്ഡും കള്ളപ്പണമടങ്ങിയ ട്രോളി വിവാദവും സംബന്ധിച്ച് സരിൻ പറഞ്ഞ കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് ബൽറാമിന്റെ കുറിപ്പ്.
1) പാതിരാ റെയ്ഡ് ഷാഫിയുടെ സംവിധാനമെന്ന് സ്ഥാനാർത്ഥി
2) സ്ഥാനാർത്ഥി പറഞ്ഞത് പാർട്ടി നിലപാടല്ല എന്ന് ജില്ലാ സെക്രട്ടറി
3) ജില്ലാ സെക്രട്ടറി പറഞ്ഞതാണ് ശരിയെന്ന് സ്ഥാനാർത്ഥിയുടെ മലക്കം മറിച്ചിൽ
4) ജില്ലാ സെക്രട്ടറി പറഞ്ഞത് ശരിയല്ല, ഷാഫി തന്നെയാണ് സംവിധായകൻ എന്ന് സംസ്ഥാന സെക്രട്ടറി
5) സംസ്ഥാന സെക്രട്ടറിയാണ് ശരിക്കും ശരിയെന്ന് സ്ഥാനാർത്ഥി.
6) ഈ നീല പെട്ടിയും പൊക്കിപ്പിടിച്ച് നടക്കാൻ നാണമില്ലേ എന്ന് എൻഎൻ കൃഷ്ണദാസ്.
7) കൃഷ്ണദാസേട്ടൻ എപ്പോഴും ശരിയേ പറയൂ എന്ന് സ്ഥാനാർത്ഥി.
8.) ……
മലക്കം മറിഞ്ഞ് നല്ല ശീലമുള്ള ഒരു സ്ഥാനാർത്ഥിയെ കയ്യിൽ കിട്ടിയെന്ന് വച്ച് ആ പാവത്തെ ഇങ്ങനെയിട്ട് വട്ടു കളിപ്പിക്കരുത് എന്നേ സി.പി.എം നേതാക്കളോട് പറയാനുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.