തിരുവനന്തപുരം: സംസ്ഥാനത്ത്​ ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം സാധാരണയിലും കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂൺ മാസത്തിലും സാധാരണയിൽ കുറവ്​ മഴയേ കേരളത്തിൽ ലഭിക്കൂവെന്ന്​ പുതുക്കിയ മൺസൂൺ പ്രവചനത്തിൽ പറയുന്നു. സാധാരണ മഴ കിട്ടുമെന്നാണ്​ നേരത്തേ പ്രവചിച്ചിരുന്നത്​.

കാലവർഷം കേരളം മുഴുവൻ വ്യാപിച്ച് കർണാടകയിൽ പ്രവേശിച്ചെന്നാണ്​ ഔദ്യോഗിക അറിയിപ്പ്​. അടുത്ത അഞ്ച്​ ദിവസം കേരളത്തിൽ വ്യാപക മഴ പെയ്യും. അറബിക്കടലിൽനിന്ന്​ കേരളതീരത്തേക്ക്​ വീശുന്ന കാലവർഷ കാറ്റ്​, തെക്കുകിഴക്കൻ അറബിക്കടലിൽ വടക്കൻ കേരള-കർണാടക തീരത്തിന്​ മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി, കേരളത്തിനും തമിഴ്​നാട്ടിനും മുകളിലൂടെ നിലനിൽക്കുന്ന ന്യൂനമർദ പാത്തി എന്നിവയുടെ സ്വാധീനമാണ്​ മഴക്ക്​ അനുകൂലമായത്​. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്​. കേരളതീരത്തുനിന്ന് ബുധനാഴ്​ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന്​ അധികൃതർ അറിയിച്ചു.

കേരള-ലക്ഷദ്വീപ് തീരങ്ങളിലടക്കം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്​. ജൂൺ രണ്ട്​ മുതൽ നാലുവരെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന്​ കാലാവസ്ഥാ വകുപ്പ്​ അറിയിച്ചു​.

കേരളത്തിൽ വേനൽ മഴ 85 ശതമാനം അധികം

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഇക്കുറി വേനലിൽ ലഭിച്ചത്​ 85 ശതമാനം അധികമഴ. മാർച്ച്​ ഒന്ന്​ മുതൽ മേയ്​ 31 വരെ ലഭിക്കുന്ന മഴയാണ്​ വേനൽമഴയായി കണക്കാക്കുന്നത്​. സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടത്​ 361.5 മില്ലീ മീറ്റർ മഴയാണ്​. ഇത്തവണ ലഭിച്ചത് 668.5 മില്ലീമീറ്ററും. കഴിഞ്ഞ വർഷം 108 ശതമാനം (751 മില്ലീമീറ്റർ) കൂടുതലായിരുന്നു. എല്ലാ ജില്ലയിലും സാധാരണ ലഭിക്കേണ്ടതിനെക്കാൾ കൂടുതൽ മഴ ലഭിച്ചു. 92 ദിവസം നീണ്ട സീസണിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ് (1007.6 എം.എം.) കോട്ടയം ( 971.6) പത്തനംതിട്ട ( 944.5) തൊട്ട് പിറകിൽ. ഏറ്റവും കുറവ് മഴ പാലക്കാട്‌ (396.8 ), കാസർകോട്​ (473). 

Tags:    
News Summary - Monsoon: This time the rainfall will be less

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.