ദുരന്ത മേഖലയില്‍ സേവനത്തിന് കൂടുതല്‍ സൈക്യാട്രി ഡോക്ടര്‍മാര്‍

തിരുവനന്തപുരം: വയനാട് ദുരന്ത മേഖലയില്‍ സേവനത്തിന് കൂടുതല്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള സൈക്യാട്രി വിദഗ്ധ ഡോക്ടര്‍മാരെ കൂടി നിയോഗിക്കാന്‍ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിലെ സൈക്യാട്രിസ്റ്റുകള്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും പുറമേയാണിത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

വ്യക്തിഗത കൗണ്‍സിലിംഗും ഗ്രൂപ്പ് കൗണ്‍സിലിംഗും നല്‍കി വരുന്നു. ഇന്ന് മാത്രം 100 അംഗ മാനസികാരോഗ്യ ടീം 13 ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. 222 പേര്‍ക്ക് ഗ്രൂപ്പ് കൗണ്‍സിലിംഗും 386 പേര്‍ക്ക് സൈക്കോസോഷ്യല്‍ ഇന്റര്‍വെന്‍ഷനും 18 പേര്‍ക്ക് ഫാര്‍മാക്കോ തെറാപ്പിയും നല്‍കി. ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് ടീം ഇതുവരെ 1592 വീടുകള്‍ സന്ദര്‍ശിച്ച് ആരോഗ്യ പരിചരണം ഉറപ്പാക്കി.

ഇന്ന് മാത്രം 12 ഹെല്‍ത്ത് ടീമുകള്‍ 274 വീടുകള്‍ സന്ദര്‍ശിച്ചു. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോകോള്‍ പ്രധാനമായും ശ്രദ്ധിക്കണം. ആരോഗ്യ വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടക്കിടക്ക് ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തണം. പോരായ്മകള്‍ കണ്ടെത്തി അടിയന്തരമായി പരിഹരിക്കണം. ആയുഷ് മേഖലയിലെ സേവനം കൂടി ലഭ്യമാക്കുന്നുണ്ട്. ഇതുവരെ 91 ഡി.എൻ.എ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.

ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - More psychiatric doctors to serve in disaster zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.