തൃശൂർ: ഭക്ഷ്യഭദ്രത നിയമവ്യവസ്ഥകൾ കാറ്റിൽപറത്തി സംസ്ഥാനത്ത് താൽക്കാലിക റേഷൻ ലൈസൻസികൾ പെരുകുന്നു. ഭക്ഷ്യഭദ്രത നിയമത്തിന്റെ ഭാഗമായി 2021 ഫെബ്രുവരിയിൽ നിലവിൽ വന്ന കേരള ലക്ഷ്യാധിഷ്ഠിത പൊതുവിതരണ ആക്ടിലെ (കെ.ടി.പി.ഡി.എസ്) ചട്ടങ്ങൾ ലംഘിച്ചാണ് ഇത്തരം റേഷൻ കടകൾ പൊതുവിതരണ വകുപ്പ് അനുവദിക്കുന്നത്.
ഒരു റേഷൻ കടയിൽ അഴിമതി കണ്ടെത്തുകയോ ഇതര കാരണങ്ങളാലോ അടച്ചുപൂട്ടിയാൽ അടുത്ത കടകളിലേക്ക് ഇവ കൂട്ടിച്ചേർക്കാനാണ് നിയമം അനുശാസിക്കുന്നത്. അല്ലെങ്കിൽ പിഴ ചുമത്തി വീണ്ടും നേരത്തെയുള്ള ലൈസൻസിക്ക് ഉപാധികളോടെ കട തിരിച്ചുനൽകുകയാണ് പതിവ്.
എന്നാൽ, ഇതിന് വിപരീതമായി താൽക്കാലിക ലൈസൻസ് നൽകുന്ന പ്രവണത കൂടുകയാണ്. വകുപ്പ് ഭരിക്കുന്ന സംഘടനയുടെ റേഷൻ വ്യാപാരി സംഘടനകളിലെ അംഗങ്ങൾക്കാണ് ഇത്തരത്തിൽ താൽക്കാലിക ലൈസൻസ് പതിച്ചുനൽകുന്നതെന്നാണ് ആക്ഷേപം. കുറച്ചുമാസങ്ങളായി ഇത് വിവിധ ജില്ലകളിൽ തകൃതിയായി നടക്കുകയാണ്.
ഇതിനെതിരെ ഉദ്യോഗസ്ഥർ രംഗത്തുവന്നതോടെ, കെ.ടി.പി.ഡി.എസ് ചട്ടങ്ങൾക്ക് വിരുദ്ധമായി താൽക്കാലിക ലൈസൻസ് നൽകണമെന്ന് കഴിഞ്ഞദിവസം ഉത്തരവിറക്കിയിരിക്കുകയാണ് വകുപ്പ്. അഴിമതിമുക്ത പൊതുവിതരണത്തിന് തയാറാക്കിയ ചട്ടങ്ങളെ നോക്കുകുത്തിയാക്കിയാണ് ഉത്തരവെന്ന് ആക്ഷേപമുണ്ട്.
നേരത്തേ വിവിധ കാരണങ്ങളാൽ ലൈസൻസ് റദ്ദാക്കുകയോ പിടിച്ചുവെക്കുകയോ ചെയ്ത നിരവധി റേഷൻ വ്യാപാരികൾക്ക് വകുപ്പുമന്ത്രി ജി.ആർ. അനിൽ14 ജില്ലയിലും നടത്തിയ അദാലത്തിൽ കടകൾ തിരിച്ചുനൽകിയിരുന്നു. ഹൈേകാടതിയിലും സിവിൽ സപ്ലൈസ് ഡയറക്ടറുടെ കാര്യാലയത്തിലുമുള്ള കേസുകൾക്ക് സംസ്ഥാനതലത്തിൽ അദാലത്ത് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും തുടർ നടപടിയുണ്ടായില്ല. അതിനിെടയാണ് വേണ്ടപ്പെട്ടവർക്ക് താൽക്കാലിക ലൈസൻസ് പതിച്ചുനൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.