കൊച്ചി: കാറിനകത്ത് സ്വിമ്മിങ് പൂൾ സജ്ജമാക്കി പൊതുനിരത്തിലൂടെ ഓടിച്ച സംഭവത്തിൽ നിയമനടപടി നേരിടുന്ന യുട്യൂബർ ആലപ്പുഴ കലവൂർ സ്വദേശി സഞ്ജു ടെക്കി എന്ന ടി.എസ്. സജുവിനെതിരെ കൂടുതൽ നടപടി വരുന്നു. സഞ്ജു ടെക്കിയുടെ യുട്യൂബ് ചാനലിലെ വീഡിയോകളെല്ലാം ആർ.ടി.ഒ പരിശോധിക്കുകയും കൂടുതൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. 160 കിലോമീറ്റർ സ്പീഡിൽ വാഹനം ഓടിക്കുക, മത്സരയോട്ടം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയത്.
ഡ്രൈവിങ് ലൈസൻസ് താത്കാലികമായി സസ്പെൻഡ് ചെയ്യുന്നതിന് മുന്നോടിയായി വിശദീകരണം നൽകാൻ സഞ്ജുവിന് നോട്ടീസ് നൽകിയിരിക്കുകയാണ്. ഇതിനിടയിലാണ് ആർ.ടി.ഒയുടെ പുതിയ നീക്കം. അമ്പലപ്പുഴ ആർ.ടി.ഒ ഓഫീസിൽ നേരിട്ട് ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.
കാറിനകത്ത് സ്വിമ്മിങ് പൂൾ സജ്ജമാക്കി പൊതുനിരത്തിലൂടെ ഓടിച്ച് വിഡിയോ മേയ് 17ന് യുട്യൂബിൽ പ്രസിദ്ധീകരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ടാറ്റാ സഫാരി വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്തു. വാഹനം ഓടിച്ചയാളുടെ ലൈസൻസും ഒരു വർഷത്തേക്ക് റദ്ദാക്കി. കൂടാതെ, യുട്യൂബറും കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും എടപ്പാളിലെ ഡ്രൈവേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നു ദിവസത്തെ പരിശീലനവും ആലപ്പുഴ മെഡിക്കൽ കോളജിൽ ഒരാഴ്ചത്തെ കമ്യൂണിറ്റി ട്രെയിനിങ്ങും ചെയ്യണമെന്ന് നിർദേശിച്ചു.
എന്നാൽ, അധികൃതരുടെ നടപടിയെ പരിഹസിച്ച് സഞ്ജു ടെക്ക് രംഗത്തുവന്നതോടെ ഹൈകോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു. ഹൈകോടതി നിർദേശപ്രകാരം സഞ്ജുവിനെതിരെ ആർ.ടി.ഒ കേസെടുത്ത് ആലപ്പുഴ കോടതിക്ക് കൈമാറിയിരുന്നു. വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് ഹൈകോടതി എം.വി.ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.