തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുകയാണെന്നും സ്ഥിതി രൂക്ഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം തുടർന്നാൽ മരണ നിരക്ക് ഉയരുമെന്ന ആശങ്കയുണ്ട്. ഇത് നേരിടാൻ കൂടുതൽ പേർ കോവിഡ് ബ്രിഗേഡിന്‍റെ ഭാഗമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 13,625 പേരാണ് നിലവിൽ കോവിഡ് ബ്രിഗേഡിൽ ഉള്ളത്. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഇത് പര്യാപ്തമല്ല. കൂടുതൽ ആളുകൾ ഇതിന്‍റെ ഭാഗമാകണം. കോവിഡ് ബ്രിഗേഡ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഈ ചരിത്ര ദൗത്യത്തിൽ പങ്കളികളാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
ജനിതക വ്യതിയാനം വന്ന വൈറസുകൾ മരണനിരക്ക് ഉയർത്തുമോ എന്ന ആശങ്കയുണ്ട്. തൃശൂരിൽ 4 ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രോഗികളുടെ എണ്ണം നമ്മുടെ ആരോഗ്യ മേഖലക്ക് താങ്ങാവുന്നതിലപ്പുറമായാൽ ചികിത്സ അവതാളത്തിലാകും. അത്തരം അവസ്ഥ ഒഴിവാകാൻ നമ്മൾ ഇതുവരെ പുലർത്തിയ ജാഗ്രത തുടരണം. കഴിവതും എൻ 95 മാസ്ക് ധരിക്കുക. അല്ലെങ്കിൽ ഇരട്ട മാസ്ക് ധരിക്കുക. ഇക്കാര്യത്തിൽ സൂക്ഷ്മത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ 51 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ.
സ്വകാര്യ മെഡിക്കൽ കോളജുകളിലെ 75ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്ക് മാറ്റിവെക്കും. ഇതിൽ 30 ശതമാനം നാളെ സജ്ജമാകും. താലൂക്ക് തലത്തിൽ ആംബുലൻസ് ടീമുകളെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 32,819 പേർക്കാണ് കോവിഡ് ബാധിച്ചത്. 5015 പേർക്ക് രോഗം സ്ഥിരീകരിച്ച കോഴിക്കോടാണ് ഏറ്റവും കൂടുതൽ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധനാവിേധയമാക്കിയത്. 23.24 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 32 പേർ മരണപ്പെട്ടു. 18,413 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ആകെ 247181 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.