കൊച്ചി: അസെൻഡ് കേരള നിക്ഷേപസംഗമത്തിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനും (കെ.എസ്.ഐ.ഡി.സി) അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയും ധാരണപത്രം ഒപ്പിട്ടത് ഓവർസീസ് ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ സെല്ലിനെ (ഒ.ഐ.പി.സി) നോക്കുകുത്തിയാക്കി.
വിദേശത്തും സ്വദേശത്തുമുള്ള നിക്ഷേപകർക്ക് നയപരമായ വിശദീകരണം നൽകുക, എംബസികളും കോൺസുലേറ്റുകളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവക്കായി കെ.എസ്.ഐ.ഡി.സിക്ക് കീഴിൽ 2013ൽ രൂപവത്കരിച്ച ഒ.ഐ.പി.സിയെ മറികടന്നാണ് ധാരണപത്രം ഒപ്പിട്ടത്.
പദ്ധതി ആസൂത്രണം മുതൽ നടപ്പാക്കൽ വരെയുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക, സംരംഭകർക്ക് വിദേശത്ത് നിക്ഷേപം നടത്തുന്നതിനും തിരിച്ചും ഏകോപനം നടത്തുക എന്നിവയൊക്കെ സെല്ലിെൻറ ചുമതലയിൽപെട്ടതാണ്. ഒ.ഐ.പി.സി ഉത്തരവാദിത്തം കൃത്യമായി നിറവേറ്റിയിരുന്നെങ്കിൽ ഇ.എം.സി.സി ധാരണപത്രമുണ്ടാകില്ലായിരുന്നുവെന്ന് മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ഇതിനകം ഒ.ഐ.പി.സിയുടെ പ്രവർത്തന ഫലമായി എത്ര നിക്ഷേപങ്ങൾ സാധ്യമായെന്നതിനെക്കുറിച്ച് പ്രത്യേക രേഖകളൊന്നും കെ.എസ്.ഐ.ഡി.സിയുടെ കൈവശമില്ലെന്ന് കൊച്ചി സ്വദേശിയായ ഗോവിന്ദൻ നമ്പൂതിരിക്ക് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു.
ഇതുവരെ എത്രപേർ സേവനം ഉപയോഗപ്പെടുത്തിയെന്നതിനെക്കുറിച്ചും വിവരങ്ങളില്ല. വകുപ്പിലെ നിലവിലെ ഉദ്യോഗസ്ഥരുെട മേൽനോട്ടത്തിലാണ് എന്നതിനാൽ പ്രവർത്തനങ്ങൾക്ക് പ്രത്യേകിച്ച് ചെലവൊന്നും വന്നിട്ടില്ലെന്നും അവർ വിശദീകരിക്കുന്നു.
അസെൻഡ് കേരള 2020 നിക്ഷേപസംഗമത്തിൽ 32,008 കോടിയുടെ 138 പദ്ധതി നിര്‍ദേശങ്ങളാണ് ഉയര്‍ന്നത്. കൂടാതെ കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്മെൻറ് ലിമിറ്റഡ് ആറ് പദ്ധതികളിലായി 8110 കോടി മുതല്‍മുടക്കുമെന്നും അറിയിച്ചിരുന്നു. ലോജിസ്റ്റിക്സ് പാർക്കിന് വേണ്ടി അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി 66,900 കോടിയുടെ നിക്ഷേപവും വാഗ്ദാനം ചെയ്തിരുന്നു.
1000 കോടിയുടെ ഡെൽവൻ ഖത്തറിെൻറ പദ്ധതി, ജോയ് ആലുക്കാസ്, കിറ്റക്സ് തുടങ്ങിയ കമ്പനികളുടെ പദ്ധതികൾ എന്നിവയും നിക്ഷേപ സംഗമത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ഒരുവർഷം പിന്നിടുമ്പോഴും ഇവ പദ്ധതി രേഖ തയാറാക്കൽ, സാങ്കേതിക കമ്മിറ്റി അനുമതി തുടങ്ങിയ പ്രാരംഭ നടപടികളിലാണ് എന്നാണ് കെ.എസ്.ഐ.ഡി.സി നൽകുന്ന മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.