തൊടുപുഴ: കാലവർഷത്തിൽ കലങ്ങിയും തെളിഞ്ഞും മുന്നിലൂടെ ഒഴുകുന്ന പുഴയിലെ ഓളങ്ങൾ നോക്കിയിരിക്കെ മലയാളത്തിന്റെ പ്രിയ കഥാകാരൻ ഓർമകളുടെ തീരത്തായിരുന്നു. അക്ഷരങ്ങളും അനുഭവങ്ങളും കൊണ്ട് തന്നിലെ എഴുത്തുകാരനെ വളർത്തിയ നിളയെക്കുറിച്ച് ആ നിമിഷം പലതും ഓർത്തുപോയി. കടന്നുപോയ കാലത്തിന്റെ ഇരമ്പം അതിൽ പലവട്ടം നിറഞ്ഞു. വായനക്കാരന്റെയും പ്രേക്ഷകന്റെയും മനസ്സിൽ ഇന്നും ഒരു കാലമായി നിറയുന്ന 'ഓളവും തീരവും' അഞ്ച് പതിറ്റാണ്ടിനിപ്പുറം തൊടുപുഴ കുടയത്തൂരിലെ പുഴക്കരയിൽ പുനർജനിക്കെ എം.ടി. വാസുദേവൻ നായർ അമിത ആഘോഷങ്ങളില്ലാതെ നവതിയിലേക്ക് കടന്നു.
പിറന്നാളാഘോഷങ്ങളോട് എന്നും അകലം പാലിച്ച എം.ടിയുടെ 89ാം പിറന്നാൾ അപൂർവതകളുടേതുമായിരുന്നു. 1969ൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത 'ഓളവും തീരവും' സിനിമക്ക് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന പുനരാവിഷ്കാരത്തിന്റെ തൊടുപുഴയിലെ ലൊക്കേഷനിലാണ് എം.ടി നവതിയിലേക്ക് കാലൂന്നിയത്.
സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ബാപ്പൂട്ടിയും നബീസയും കുഞ്ഞാലിയും ബീവാത്തുവുമെല്ലാം അതിന് സാക്ഷികളായി. അണിയറപ്രവർത്തകരുടെ സ്നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങി എം.ടി വ്യാഴാഴ്ച രാത്രിതന്നെ കോഴിക്കോടുനിന്ന് തൊടുപുഴയിൽ എത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ 11ഓടെ കുടയത്തൂരിലെ സെറ്റിലെത്തിയ അദ്ദേഹം ചിത്രീകരണം വീക്ഷിച്ചും നിർദേശങ്ങൾ നൽകിയും അവിടെത്തന്നെ ചെലവഴിച്ചു. ഉച്ചക്ക് ഒരു മണിക്ക് സെറ്റിലൊരുക്കിയ പ്രത്യേക പന്തലിൽ എം.ടി കേക്ക് മുറിച്ചു. തുടർന്ന് പ്രിയദർശൻ, മോഹൻലാൽ, എം.ടിയുടെ മകൾ അശ്വതി, നടി ദുർഗ കൃഷ്ണ, ഛായാഗ്രാഹകൻ സന്തോഷ് ശിവൻ എന്നിവർ പിറന്നാൾ ആശംസ നേർന്ന് അദ്ദേഹത്തിന് കേക്ക് നൽകി. അതിനുശേഷം സെറ്റിൽതന്നെ സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം സദ്യ.
ഒ.ടി.ടി പ്ലാറ്റ്ഫോമിനുവേണ്ടി എം.ടിയുടെ പത്ത് കഥകളെ ആസ്പദമാക്കി ഒരുക്കുന്ന സിനിമകളിലൊന്നാണ് 'ഓളവും തീരവും'. എം.ടിയുടേതാണ് എല്ലാ സിനിമകളുടെയും തിരക്കഥ. പൂർണമായും സ്റ്റുഡിയോക്ക് പുറത്ത് ചിത്രീകരിച്ച ആദ്യ മലയാള സിനിമയായിരുന്നു 'ഓളവും തീരവും'. പി.എൻ. മേനോന്റെ സിനിമയിൽ മധുവും ഉഷാ നന്ദിനിയും അവതരിപ്പിച്ച ബാപ്പൂട്ടിക്കും നബീസക്കും പുതിയ സിനിമയിൽ മോഹൻലാലും ദുർഗ കൃഷ്ണയുമാണ് ജീവൻ പകരുന്നത്. എം.ടിയുടെ മകൾ അശ്വതിയാണ് ക്രിയേറ്റിവ് പ്രൊഡ്യൂസർ. തൊടുപുഴയിലെ ചിത്രീകരണം രണ്ടുദിവസം കൂടി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.