പട്ടാമ്പി: പോരാളികളുടെ വേഷമഴിച്ചു വെച്ച് സൗഹൃദ പൂനിലാവിൽ അവർ ആശ്ലേഷിച്ചു. തെരഞ്ഞെടുപ്പ് അങ്കച്ചൂടിൽ വിപരീത ധ്രുവങ്ങളിൽ നിന്ന് പോരാടിയ മുഹ്‌സിനും മുക്കോളിക്കുമിടയിൽ സാഹോദര്യം പീലി വിടർത്തി. വലിയ ഭൂരിപക്ഷത്തോടെ മിന്നുന്ന വിജയം നേടിയ എൽ.ഡി.എഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്‌സിനെ വീട്ടിൽ ചെന്ന് അഭിനന്ദിക്കാൻ റിയാസാണ് താൽപര്യം പ്രകടിപ്പിച്ചത്. ഇരുവരും ആലിംഗനം ചെയ്യുന്ന ഫോട്ടോ അടക്കം മുഹ്‌സിൻ തന്നെ റിയാസിന്‍റെ സന്ദർശനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
"റിയാസ് മുക്കോളി മികച്ച മത്സരമാണ് കാഴ്ച്ച വെച്ചത്, യുവ രാഷ്ട്രീയ നേതാവ് എന്ന നിലക്ക് എല്ലാവിധ ആശംസകളും നേരുന്നു- മുഹമ്മദ് മുഹ്സിൻ ഫേസ് ബുക്കിൽ കുറിച്ചു. "അപ്രതീക്ഷിതമായാണ് പട്ടാമ്പിയിൽ സ്ഥാനാർത്ഥിയായി എത്തുന്നത്.വളരെ കുറഞ്ഞ ദിനങ്ങളാണ് പ്രചരണ പ്രവർത്തനങ്ങൾക്ക് ലഭിച്ചതെങ്കിലും രാഷ്ട്രീയത്തിനതീതമായി പട്ടാമ്പിയിലെ ജനങ്ങളുടെ സ്നേഹമനുഭവിക്കാൻ സാധിച്ചു എന്നത് ഭാഗ്യമായി കാണുന്നു.
വളരെ മികച്ച ആരോഗ്യകരമായ ഒരു രാഷ്ട്രീയ മത്സരം കാഴ്ച വെക്കാൻ സാധിച്ചു എന്ന് തന്നെയാണ് വിശ്വാസം. വ്യക്തിപരമായ ആരോപണങ്ങളോ ചെളിവാരി എറിയലുകളോ ഇല്ലാത്ത രാഷ്ട്രീയ മത്സരം തന്നെയാണ് ഇരുഭാഗത്തും ഉണ്ടായത്. മുഹസിനെ അഭിനന്ദിച്ച് റിയാസ് മുക്കോളിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ. ചുവന്ന ഷർട്ടിട്ട് കോൺഗ്രസുകാരനായ റിയാസ് മുക്കോളിയും നീല ഷർട്ടിൽ സി.പി.ഐ ക്കാരനായ മുഹമ്മദ് മുഹ്സിനും ചേർന്നു നിൽക്കുന്ന ഫോട്ടോക്ക് താഴെ ഫേസ്ബുക്കിൽ വന്ന ഒരു മാസ് കമൻ്റ്: നിങ്ങൾ കുപ്പായം അങ്ങോട്ടുമിങ്ങോട്ടും മാറ്റിയോ?.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.