തിരുവനന്തപുരം: കേരളത്തിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ജോജു ജോർജ് വിഷയം നിയമസഭയിലും. ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജ് ഭീഷണി നേരിടുന്നതായി നടനും കൊല്ലം എം.എൽ.എയുമായ മുകേഷ് നിയമസഭയില്‍ സബ്മിഷൻ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
ജോജുവിന്‍റെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ജോജുവിന്‍റെ സിനിമകളുടെ ചിത്രീകരണം തടസപ്പെടുത്തുന്നതായും മുകേഷ് പറഞ്ഞു. ഒരു പൗരന്‍ എന്ന നിലയിലുള്ള പ്രതികരണം മാത്രമാണ് ജോജുവില്‍ നിന്ന് ഉണ്ടായത്. എന്നാല്‍ ജോജുവിനെ മദ്യപാനിയെന്ന് ആക്ഷേപിച്ചു, തന്റെ വാഹനം ഉള്‍പ്പെടെ അക്രമിച്ച തകര്‍ത്തര്‍ക്ക് എതിരെ ജോജു നല്‍കിയ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും മുകേഷ് സഭയെ അറിയിച്ചു.
അതേസമയം, സിനിമാ ചിത്രീകരണം തടയുക എന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ തടയല്‍ മാത്രമല്ല, പൗരസ്വാതന്ത്ര്യത്തിന്റെ പ്രശ്നം കൂടിയാണെന്ന് മുകേഷിന്‍റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനു നേരെ ദയാദാക്ഷിണ്യമുണ്ടാകില്ല. അത്തരക്കാരെ കര്‍ക്കശമായി നേരിടുക തന്നെ ചെയ്യും. അങ്ങനെ നേരിടുന്നതിന് നാടൊന്നാകെ പിന്തുണക്കുന്ന അവസ്ഥയാണുണ്ടാവുക. അതാണ് ഈ നാടിന്റെ പാരമ്പര്യം.
നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. കലാരംഗത്തുള്ളവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഏതു വിധത്തിലുള്ള കടന്നുകയറ്റത്തെയും ശക്തമായി നേരിടുക തന്നെ ചെയ്യും. എന്ത് കഴിക്കണം എന്ന് ആജ്ഞാപിക്കുന്നതും ഏതു വസ്ത്രം ധരിക്കണം എന്ന് തിട്ടൂരമിറക്കുന്നതും ഫാസിസ്റ്റു മുറയാണ്.
കൈയൂക്കു കൊണ്ട് കാര്യം നടത്താം എന്ന സ്ഥിതി ഉണ്ടാവേണ്ടതില്ല. ഫാസിസ്റ്റു രീതികള്‍ക്ക് വളക്കൂറുള്ള മണ്ണല്ല ഇതെന്ന് മനസ്സിലാക്കി ഇനിയെങ്കിലും അത്തരക്കാര്‍ സ്വയം പിന്മാറണം. നാട്ടിലെ പൗരസ്വാതന്ത്ര്യവും ജനാധിപത്യവും നിയമപാലനവും സര്‍ക്കാര്‍ ഉറപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.