അടിമാലി: ഇടുക്കി ജില്ലയിലെ അഞ്ചാമത്തെ സ്വകാര്യ വൈദ്യുതി പദ്ധതിയായ മുക്കുടം പദ്ധതി പ്രവർത്തനം തുടങ്ങി. മുക്കുടം ജലവൈദ്യുത നിലയം (4 മെഗാവാട്ട്) വൈദ്യുതിയാണ് ഉല്പാദിപ്പിക്കുക. 2 ജനറേറ്ററുകളിൽ നിന്നായിട്ടാണ് വൈദ്യുതി ഉല്പാദിപ്പിക്കുക.കേരളത്തിലെ പന്ത്രണ്ടാമത്തേയും, ഇടുക്കി ജില്ലയിലെ അഞ്ചാമത്തേയും സ്വകാര്യ ജലവൈദ്യുത നിലയമാണ് മുക്കുടം ജലവൈദ്യുത നിലയം. കൊന്നത്തടി പഞ്ചായത്തിലെ പണിക്കൻകുടി മേഖലയിൽ നിന്നും ഉത്ഭവിച്ചു, പുല്ലുകണ്ടം, പാറത്തോട്, കമ്പിളികണ്ടം, മുക്കുടം പ്രദേശങ്ങളിലൂടെ ഒഴുകി പനംകുട്ടിക്ക് സമീപം മുതിരപ്പുഴയാറിൽ ചേരുന്ന പാറത്തോട് തോട്ടിലെ ജലം ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
മുക്കുടത്തിനു പടിഞ്ഞാറു ഭാഗത്തായുള്ള ചതുരക്കള്ളിപ്പാറയിൽ നിർമ്മിച്ച 10 മീറ്റർ ഉയരവും 29.45 മീറ്റർ നീളവുമുള്ള അണക്കെട്ടിൽ നിന്നും 323.7 മീറ്റർ (1068 അടി) താഴ്ചയിലുള്ള പവർ ഹൗസിലേക്ക് 1310 മീറ്റർ (1.31 കിലോമീറ്റർ) നീളമുള്ള പെൻസ്‌റ്റോക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ചു 2 മെഗാവാട്ട് ശേഷിയുളള 2 ടർബൈനുകൾ ചലിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി 2 കിലോമീറ്റർ അകലെയുള്ള കെ .എസ്.ഇ.ബിയുടെ നേര്യമംഗലം പവർ ഹൗസിലേക്ക് പുതിയതായി വലിച്ച ലൈൻ വഴി എത്തിച്ചാണ് ഗ്രിഡിലേക്ക് നൽകുന്നത്.
അങ്കമാലി എഫ്.ഐ. എസ്.എ.ടിഎൻജിനീയറിങ് കോളേജിൽ നിന്നും 2006 ൽ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കി ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ഏഴ് യുവ എൻജിനീയർമാരാണ് ഈ സംരംഭത്തിന് പിന്നിൽ. കമ്പനിയുടെ സി.എം.ഡിയും കമ്പിളികണ്ടം സ്വദേശിയുമായ രാകേഷ് റോയി ആണ് 2014 ജൂണിൽ ഇവിടെ ഇങ്ങനെ ഒരു പദ്ധതിയുടെ സാധ്യത തിരിച്ചറിഞ്ഞതും സുഹൃത്തുക്കളെ ഒപ്പം കൂട്ടി മുക്കുടം ഇലക്ട്രോഎനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിച്ചു, 2015 ഡിസംബറിൽ ഒരു മെഗാവാട്ട് ശേഷിയുള്ള പദ്ധതി റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തത്. ഒരു മെഗാവാട്ടിന് 2018 മാർച്ച്മാസത്തിൽ കേരള സർക്കാർ അനുമതി ലഭിച്ചു.
2016 ജൂൺ മുതൽ തുടർച്ചയായി 3 വർഷം പദ്ധതി പ്രദേശത്തെ ജലലഭ്യത നിരീക്ഷിച്ചു രേഖപ്പെടുത്തിയതിൽ നിന്നും ഇവിടെ 4 മെഗാവാട്ട്ശേഷിയുള്ള പദ്ധതി സ്ഥാപിക്കുകയാണ് ഉചിതം എന്ന് മനസ്സിലാവുകയും പുതുക്കിയ പദ്ധതി റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിച്ചു 2021 ഫെബ്രുവരിയിൽ സർക്കാർ അനുമതി ലഭ്യമാവുകയും ചെയ്തു.2019 ഫെബ്രുവരി 3 ന് അന്നത്തെ വൈദ്യുതി എം എം മണി നിർമ്മാണ ഉത്ഘാടനം നിർവഹിച്ചു, കോവിഡ് കാലത്തെ പ്രതിസന്ധികളും തരണം ചെയ്താണ് നാലര വർഷം കൊണ്ട് പദ്ധതി കമ്മിഷൻ ചെയ്തത്. പ്രതിവർഷം 11 ദശലക്ഷം (1.1 കോടി) യുണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കുവാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഉടൻ തന്നെ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.