കുമളി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. രാവിലെ ഏഴര മണിയോടെ അണക്കെട്ടിനോട് ചേർന്നുള്ള സ്പിൽവേയുടെ മൂന്ന്, നാല് ഷട്ടറുകളാണ് 0.35 മീറ്റർ ഉയർത്തിയത്. രണ്ട് ഷട്ടറുകളിൽ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പെരിയാറിലേക്ക് ഒഴുക്കി വിടുന്നത്.
സ്പിൽവേ ഷട്ടറുകൾ തുറന്നതോടെ വെള്ളം പെരിയാറിലൂടെ ഒഴുകി ആദ്യം എത്തുക ജനവാസ മേഖലയായ വള്ളക്കടവിലാണ്. ഇവിടെനിന്ന് മഞ്ചുമല, വണ്ടിപ്പെരിയാർ, മ്ലാമല, ശാന്തിപ്പാലം, ചപ്പാത്ത്, ആലടി, ഉപ്പുതറ, ആനവിലാസം, അയ്യപ്പൻകോവിൽ, കാഞ്ചിയാർ വഴി ഇടുക്കി ജലസംഭരണിയിൽ വെള്ളം എത്തിച്ചേരും.
മുല്ലപ്പെരിയാർ മുതൽ ഇടുക്കി വരെയുള്ള 24 കിലോമീറ്റർ മുല്ലയാറിൽ ഏകദേശം 60 സെന്‍റീമീറ്റർ താഴെ മാത്രമാണ് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളൂ. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.25 അടി മാത്രം ഉയരാനാണ് സാധ്യത. രാവിലെ ഏഴു മണിക്ക് അണക്കെട്ട് തുറക്കുമെന്നാണ് തമിഴ്നാട് സർക്കാർ ഇന്നലെ അറിയിച്ചിരുന്നത്. എന്നാൽ, തമിഴ്നാടിന്‍റെ ഉന്നത ഉദ്യോഗസ്ഥർ അണക്കെട്ടിലെത്താൻ വൈകിയതാണ് ഷട്ടർ ഉയർത്തുന്നതിന് താമസം വരാൻ കാരണം.
138.75 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കൻഡിൽ 5800 ഘനയടി (ക്യുസെക്സ്) ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. തമിഴ്നാട് സെക്കൻഡിൽ 2335 ഘനയടി വെള്ളമാണ് ടണൽ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നത്.
ജലനിരപ്പ് 138 അടിയിൽ നിജപ്പെടുത്തണമെന്ന സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് അണക്കെട്ട് തുറക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്. 2018 പ്രളയത്തിന് ശേഷം ആദ്യമായാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നത്.
ഇടുക്കിയിലെ ജലനിരപ്പ് നിലവിൽ 2398.30 അടിയാണ്. നിലവിലെ റൂൾ കർവ് 2398.31 അടിയായതിനാൽ ചെറുതോണി അണക്കെട്ട് ഇന്ന് വൈകിട്ട് നാലു മണിക്ക് ശേഷമോ നാളെ രാവിലെയോ തുറക്കാൻ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ട് തുറക്കാനുള്ള അനുമതി ഇടുക്കി ജില്ലാ കലക്ടർ നൽകിയിട്ടുണ്ട്.
അണക്കെട്ട് തുറക്കുന്ന പശ്ചാത്തലത്തിൽ പെരിയാറിന്റെ ഇരുകരയിലും ശക്തമായ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മുൻകരുതലിന്‍റെ ഭാഗമായി പെരിയാർ തീരത്തുള്ള 330 കുടുംബങ്ങളിൽ നിന്നായി 1036 പേരെ മാറ്റിപ്പാർപ്പിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, റവന്യൂ മന്ത്രി കെ. രാജൻ, കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ മുല്ലപ്പെരിയാറിൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.