തിരുവനന്തപുരം: മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം കെ. ജയമോഹൻ തമ്പിയുടേത് സ്വാഭാവിക മരണമാണെന്ന് വരുത്താൻ പ്രതിയായ മകൻ അശ്വിൻ പറഞ്ഞത് നിരവധി നുണകൾ. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലക്കേറ്റ മുറിവാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് കുടുങ്ങിയത്. ശനിയാഴ്ചയാണ് തമ്പി കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് പുറത്തറിയുന്നത്. അപ്പോഴും അശ്വിൻ മദ്യലഹരിയിലായിരുന്നു.
പണത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലയിൽ കലാശിച്ചതെന്നും അശ്വിൻ കുറ്റം സമ്മതിച്ചതായും കേസിൽ മറ്റ് പ്രതികളില്ലെന്നും ഫോർട്ട് പൊലീസ് ഇൻസ്പെക്ടർ കെ.ആർ. ബിജു പറഞ്ഞു. തുടർന്ന് അശ്വിെൻറ (34) അറസ്റ്റ് രേഖപ്പെടുത്തി. പെൻഷനടക്കം നല്ല വരുമാനമുണ്ടായിരുന്ന ജയമോഹൻ തമ്പിയുടെ എ.ടി.എം, ക്രെഡിറ്റ് കാർഡുകൾ അശ്വിെൻറ കൈവശമായിരുന്നു. ആവശ്യപ്പെട്ട പണം അശ്വിൻ നൽകാത്തതിനാൽ കാർഡുകൾ തിരികെ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ കൈയാങ്കളിയാണ് കൊലയിൽ കലാശിച്ചത്. തമ്പി കടുത്ത ലിവർ സിറോസിസ് രോഗിയുമായിരുന്നു.
ശനിയാഴ്ച രാവിലെ 11നാണ് തർക്കമുണ്ടായത്. രാവിലെ തമ്പിയുടെ സുഹൃത്ത് വീട്ടിലെത്തി അശ്വിെൻറ കൈയിൽനിന്ന് പണം വാങ്ങി മദ്യം വാങ്ങി നൽകിയിരുന്നു. തുടർന്നാണ് തമ്പി വീണ്ടും പണം ആവശ്യപ്പെടുന്നതും അച്ഛനും മകനും തർക്കം ഉണ്ടാകുന്നതും മകൻ തമ്പിയെ മർദിക്കുന്നതും. സിറ്റൗട്ടിൽെവച്ചുണ്ടായ തർക്കം അയൽവാസി കേട്ടിരുന്നു. തമ്പി വീണതും അദ്ദേഹത്തെ അശ്വിൻ അകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതും കണ്ടവരുമുണ്ട്.
ഉച്ചക്ക് മൂന്നോടെ അശ്വിൻ ഇളയ സഹോദരൻ ആഷിക്കിനെ വിളിച്ച് അച്ഛൻ വീണതായും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും പറഞ്ഞു. അശ്വിനോടുതന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞ ആഷിക് പിന്നീട് ഫോണിൽ വിളിച്ചെങ്കിലും അശ്വിൻ ഫോൺ എടുത്തില്ല.
വീണ്ടും വിളിച്ചപ്പോഴും അടുത്ത ദിവസവും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നെന്നാണ് പി.ടി.പി നഗറിൽ താമസിക്കുന്ന ആഷിക് പറയുന്നത്. സംഭവദിവസം കൊലക്കുശേഷം പുറത്തുപോയി മദ്യം വാങ്ങിവന്ന അശ്വിൻ അന്നു രാത്രിയും അടുത്ത ദിവസവും മുറിയിലിരുന്ന് മദ്യപാനമായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിലെ മാലിന്യം എടുക്കാൻ വന്ന കുടുംബശ്രീ പ്രവർത്തകരാണ് ദുർഗന്ധം ഉണ്ടായതിനെതുടർന്ന് വീടിെൻറ മുകൾനിലയിലെ വാടകക്കാരെ കൂട്ടി പരിശോധിച്ച് മൃതദേഹം കണ്ടത്.
അപ്പോഴും വീടിെൻറ മുന്നിലെ മുറിയിൽ ലഹരിയിൽ അർധബോധാവസ്ഥയിലായിരുന്നു അശ്വിൻ. നാലുദിവസമായി ഭക്ഷണം പോലും കഴിക്കാതെയായിരുന്നു മദ്യപാനം. മൃതദേഹം കണ്ടെടുത്ത ദിവസംതന്നെ അശ്വിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും സംസ്കാരചടങ്ങിന് മുമ്പ് വിട്ടയച്ചിരുന്നു. ഗൾഫിൽ ഷെഫായി ജോലി ചെയ്തിരുന്ന അശ്വിൻ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയശേഷം പിതാവിനൊപ്പമായിരുന്നു താമസം. വിവാഹിതനായിരുന്നെങ്കിലും ഭാര്യ ഒപ്പം താമസമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.