തിരുവനന്തപുരം: പാട്ടും കേട്ട് ജോലി ചെയ്യാനും സെക്രട്ടേറിയറ്റിൽ വഴിയൊരുങ്ങുന്നു. പൊതുഭരണ വകുപ്പിലെ എ.ഐ.എസ് സെക്ഷനിലാണ് സംഗീതസാന്ദ്രമായ തൊഴിൽ നേരങ്ങൾക്ക് വഴിതുറക്കാൻ മ്യൂസിക് സിസ്റ്റം കൊണ്ടുവരുന്നത്. 13,440 രൂപ ചെലവിൽ മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നതിന് ഭരണാനുമതി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
സംസ്ഥാന ഭരണ സിരാകേന്ദ്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു അനുമതി ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലാണ് പുതിയ പരീക്ഷണം എന്നതും ശ്രദ്ധേയം. പൊതുഭരണ വകുപ്പിൽ ഓൾ ഇന്ത്യ സിവിൽ സർവിസ് ഉദ്യോഗസ്ഥരുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന സെക്ഷനാണ് എ.ഐ.എസ്.
43 വകുപ്പുകളാണ് സെക്രട്ടേറിയറ്റിൽ ഉള്ളത്. പൊതുഭരണ വകുപ്പിന് കീഴിൽ 25 ഓളം സെക്ഷനുകളുമുണ്ട്. അതിൽ ഒന്നു മാത്രമാണ് മ്യൂസിക് സിസ്റ്റം സ്ഥാപിച്ച എ.ഐ.എസ് സെക്ഷൻ. പൊതുഭരണ വകുപ്പിലെ 25 സെക്ഷൻകാരും മ്യൂസിക് സിസ്റ്റം ആവശ്യപ്പെട്ടാൽ 3.36 ലക്ഷം രൂപ ചെലവാകും. സെക്രട്ടേറിയറ്റിലെ 43 വകുപ്പുകളിലെ എല്ലാ സെക്ഷനുകളിലും മ്യൂസിക് സിസ്റ്റം സ്ഥാപിക്കണമെങ്കിൽ ഒരു കോടിക്ക് മുകളിൽ ആകും ചെലവ്.
മ്യൂസിക് സിസ്റ്റത്തിൽ കൂടി ഒഴുകിവരുന്ന പാട്ടുകൾ ഏതായിരിക്കുമെന്നൊക്കെ ഇനി അറിയാനിരിക്കുന്നേയുള്ളൂ. എന്തായാലും സംഗീതം ജോലി വേഗത്തിലാക്കാനും ക്രിയാത്മകമാക്കാനുമെല്ലാം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.