കോഴിക്കോട്: പൊരുതിയത് മൂന്നാം സീറ്റിനാണെങ്കിലും ഉള്ളിലാഗ്രഹിച്ച രാജ്യസഭ സീറ്റിൽ മുസ്ലിം ലീഗ് തൃപ്തിയടയും. ലോക്സഭ തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യവും ഉയർന്നുവരാറുണ്ടെങ്കിലും ഇത്തവണ അതിന് ശക്തി കൂടി. ആദ്യം മൃദുവായി ഉന്നയിച്ച ആവശ്യം പാർട്ടിക്കുള്ളിൽനിന്നുള്ള ശക്തമായ സമ്മർദത്താൽ നേതൃത്വത്തിന് പിന്നീട് ഉറച്ചുനിൽക്കേണ്ടിവന്നു. അപ്പോഴും ലോക്സഭ സീറ്റ് എന്നതിലുപരി രാജ്യസഭ സീറ്റായിരുന്നു നേതൃത്വം ഉള്ളിലാഗ്രഹിച്ചത്. ലോക്സഭ സീറ്റിൽ ഉറച്ചുനിൽക്കുന്നതിൽനിന്നുള്ള പിന്മാറ്റത്തിന് പിന്നിൽ രണ്ട് കാരണങ്ങളാണുള്ളത്. ഏത് സീറ്റിൽ മത്സരിച്ചാലും വിജയിക്കുമെന്ന് വീമ്പുപറയുന്നുണ്ടെങ്കിൽക്കൂടി തിരിച്ചടിയുണ്ടാകാനുള്ള സാധ്യതയാണ് ഒന്ന്. വയനാടാണ് നേരിയ സാധ്യത കൽപിക്കപ്പെടുന്ന മണ്ഡലം. ഏറനാടും വണ്ടൂരുമൊഴിച്ചാൽ മറ്റു നിയമസഭ മണ്ഡലങ്ങളിൽ ഒരു ഗാരന്റിയും പാർട്ടിക്കു മുന്നിലില്ല.
അതുകൊണ്ടുതന്നെ മത്സരിച്ചു പരാജയപ്പെട്ടാൽ അത് പാർട്ടിക്ക് കനത്ത ആഘാതമാകും. മൂന്നാം സീറ്റ് ഉപേക്ഷിക്കുന്നതിനുള്ള രണ്ടാമത്തെ കാരണം, തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് യു.ഡി.എഫിന് അത് തിരിച്ചടിയാകുമെന്ന ആശങ്കയാണ്. മുമ്പ് അഞ്ചാം മന്ത്രിസ്ഥാനം ലഭിച്ച സാഹചര്യം പാർട്ടിക്കു മുന്നിലുണ്ട്. അന്ന് ബി.ജെ.പിയേക്കാൾ ആവേശത്തിൽ ധ്രുവീകരണത്തിന് ശ്രമിച്ച സി.പി.എം അതേ നിലപാടുമായി രംഗത്തുവരാൻ സാധ്യതയുണ്ടെന്ന് പാർട്ടി വിലയിരുത്തുന്നു. ഇക്കാര്യം കോൺഗ്രസുമായുള്ള ചർച്ചകളിൽ അവരുടെ നേതാക്കൾതന്നെ ലീഗ് നേതൃത്വവുമായി പങ്കുവെച്ചതാണ്.
പി.കെ. കുഞ്ഞാലിക്കുട്ടി പാർലമെന്റ് അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ചത് തിരിച്ചടിയായപോലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ക്ഷീണമുണ്ടായാൽ അതിന്റെയും പാപഭാരം ലീഗിനുമേൽ വെച്ചുകെട്ടുമെന്ന ഭയവും ലീഗ് നേതൃത്വത്തിനുണ്ട്. നേരത്തെ ലഭിക്കുകയും വീണ്ടും കോൺഗ്രസ് ഏറ്റെടുക്കുകയും ചെയ്ത രാജ്യസഭ സീറ്റ് കൈയിലെത്തുന്നതോടെ യുവ നേതൃത്വത്തിൽനിന്ന് ഒരാളെ ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ടുവരുന്നതിന് ഉപയോഗിക്കാമെന്ന നേട്ടമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.