കെ. സുധാകരനെതിരെ രൂക്ഷവിമർശനവുമായി മുസ്‍ലിം ലീഗ് നേതാവ്: 'ഫാഷിസത്തോട് സന്ധിചെയ്യാൻ നെഹ്റുവിനെ കൂട്ടുപിടിച്ച് പാലം പണിയേണ്ട'

കണ്ണൂർ: ആർ.എസ്.എസുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നടത്തുന്ന വിവാദ പ്രസ്താവനകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി മുസ്‍ലിംലീഗ്. അനവസരത്തിലും അനാവശ്യവുമായ പ്രതികരണങ്ങളിലൂടെ സുധാകരൻ സൃഷ്ടിക്കുന്ന വിവാദങ്ങൾ ന്യൂനപക്ഷ സമൂഹത്തിൽ ഉണ്ടാക്കുന്ന ആശങ്കയും സംശയങ്ങളും തിരിച്ചറിയാൻ കഴിയാത്തയാളല്ല അദ്ദേഹമെന്ന് മുസ്‍ലിം ലീഗ് കണ്ണൂർ ജില്ല ജന. സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി തുറന്നടിച്ചു.

'പാർട്ടിയെയും തങ്ങളുടെ സഹയാത്രികരെയും കുത്തി നോവിക്കാൻ രാഷ്ട്രീയ ശത്രുക്കൾക്ക് വടി കൊടുക്കുന്നത് എന്തിന്റെ പേരിലായാലും നല്ലതല്ല. നാഥുറാം വിനായക് ഗോഡ്സെയെ വെള്ളപൂശുന്ന ആർ.എസ്.എസിനെ ഏത് ജനാധിപത്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പേരിലായാലും സംരക്ഷിക്കേണ്ട ബാധ്യതയൊന്നും ഭാരതത്തിലെ പൗരൻമാർക്കില്ല. നെഹ്റുവിനെ കൂട്ടുപിടിച്ച് വർഗ്ഗീയ ഫാഷിസത്തോട് സന്ധിചെയ്യാൻ ആരായാലും പാലം പണിയേണ്ടതുമില്ല' - അബ്ദുൽ കരീം ചേലേരി ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.

കെ.എസ്.യു പ്രവർത്തകനായിരിക്കെ ആർ.എസ്.എസ് ശാഖയ്ക്ക് സി.പി.എംകാരിൽ നിന്ന് സംരക്ഷണം നൽകാൻ ആളെ അയച്ചതായി ഏതാനും ദിവസം മുമ്പ് കണ്ണൂരിൽ സി.എം.പി സംഘടിപ്പിച്ച എം.വി.ആർ അനുസ്മരണ പരിപാടിയിൽ സുധാകരൻ പറഞ്ഞിരുന്നു. ഇതിന്റെ വിവാദം കെട്ടടങ്ങുംമുമ്പാണ് ഇന്ന് കണ്ണൂരിൽ ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ നവോത്ഥാന സദസ്സിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പോലും വർഗീയ ഫാഷിസത്തോട് സന്ധിചെയ്തിരുന്നുവെന്നും ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിയത് അതുകൊണ്ടാണെന്നും സുധാകരൻ പ്രസംഗിച്ചത്. ഇതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

അഡ്വ. അബ്ദുൽ കരീം ചേലേരിയുടെ കുറിപ്പിന്റെ പൂർണരൂപം:

പരിണിത പ്രജ്ഞനും മുൻ മന്ത്രിയും പാർലമെന്റംഗവും കെ.പി.സി.സി. പ്രസിഡണ്ടുമായ ബഹു.കെ.സുധാകരൻ, വിവാദങ്ങൾക്ക് പിന്നാലെ വിവാദങ്ങളിലേക്ക് പോകുന്നത് ദൗർഭാഗ്യകരമാണ്.

ദിവസങ്ങൾക്ക് മുമ്പ് കണ്ണൂരിൽ സി.എം.പി സംഘടിപ്പിച്ച എം.വി.ആർ അനുസ്മരണ പരിപാടിയിൽ സംഘടനാ കെ.എസ്.യു പ്രവർത്തകനായിരിക്കെ, ആർ.എസ്.എസ് ശാഖയ്ക്ക്, സി.പി.എംകാരിൽ നിന്ന് സംരക്ഷണം നൽകാൻ ആളെ അയച്ചത് സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസംഗം വിവാദമായിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലും ജനാധിപത്യ സംരക്ഷണത്തിന്റെ പേരിലും ആർഎസ്എസ് ശാഖക്ക് സംരക്ഷണം നൽകിയതിനെക്കുറിച്ചായിരുന്നു അന്ന് അദ്ദേഹം പ്രസംഗിച്ചത്. എന്നാൽ, ഇന്ന് വീണ്ടും കണ്ണൂരിൽ ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ നവോത്ഥാന സദസ്സിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പോലും വർഗ്ഗീയ ഫാഷിസത്തോട് സന്ധിചെയ്തിരുന്നുവെന്നും ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിയത് അതുകൊണ്ടാണെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്.

അനവസരത്തിലും അനാവശ്യവുമായ പ്രതികരണങ്ങളിലൂടെ അദ്ദേഹം സൃഷ്ടിക്കുന്ന വിവാദങ്ങൾ ന്യൂനപക്ഷ സമൂഹത്തിൽ ഉണ്ടാക്കുന്ന ആശങ്കയും സംശയങ്ങളും തിരിച്ചറിയാൻ കഴിയാത്തയാളല്ല, ബഹു. കെ.പി.സി.സി പ്രസിഡന്റ്. രാഷ്ട്രീയ ശത്രുക്കൾക്ക്, തന്നെയും പാർട്ടിയെയും തങ്ങളുടെ സഹയാത്രികരെയും കുത്തി നോവിക്കാൻ വടി കൊടുക്കുന്നത് എന്തിന്റെ പേരിലായാലും നല്ലതല്ല.

ശിശുദിനത്തിൽ, ചാച്ചാജിയെ അനുസ്മരിക്കാൻ എത്രയോ നല്ല സംഭവങ്ങളും കാര്യങ്ങളും പറയാമെന്നിരിക്കെ, വിവാദങ്ങളുണ്ടാക്കുന്ന പരാമർശനങ്ങളുടെ സാംഗത്യമെന്താണ്? ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സെയെ വെള്ളപൂശുന്ന ആർ.എസ്.എസിനെ ഏത് ജനാധിപത്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പേരിലായാലും സംരക്ഷിക്കേണ്ട ബാധ്യതയൊന്നും ഭാരതത്തിലെ പൗരൻമാർക്കില്ല. നെഹ്റുവിനെ കൂട്ടുപിടിച്ച് വർഗ്ഗീയ ഫാഷിസത്തോട് സന്ധിചെയ്യാൻ ആരായാലും പാലം പണിയേണ്ടതുമില്ല.

കുട്ടിയായിരിക്കുമ്പോൾ ആർ.എസ്.എസ് ശാഖയിൽ കാക്കി ട്രൗസറുമിട്ട് പോയിരുന്നുവെന്ന് അഭിമാനത്തോടെ പറഞ്ഞ എസ്.ആർ.പിയുടെ പാർട്ടിയായ സി.പി.എമ്മും നേതാക്കളും ഈ കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ വരേണ്ടതുമില്ല.

അഡ്വ. അബ്ദുൽ കരീം ചേലേരി

Tags:    
News Summary - Muslim league leader Adv AbdulKareem Cheleri against K sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.