കൊണ്ടോട്ടി: ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായ എം.വി മുഹമ്മദ് സലീം മൗലവി (82) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജമാഅത്തെ ഇസ്‌ലാമി പണ്ഡിത സഭയായ ഇത്തിഹാദുൽ ഉലമ കേരളയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാത്രി 8.30ന് മൊറയൂർ മഹല്ല് ജുമുഅത് പള്ളിയിൽ നടക്കും.
1941ൽ മലപ്പുറം ജില്ലയിലെ മൊറയൂരിൽ മണ്ണിശ്ശേരി വീരാൻകുട്ടി-ആച്ചുമ്മ ദമ്പതികളുടെ മകനായി ജനിച്ച സലീം മൗലവി, പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജ്, ശാന്തപുരം ഇസ്‍ലാമിയ കോളജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം നേടിയ ശേഷം മധുര കാമരാജ് യൂനിവേഴ്സിറ്റി, ഖത്തർ അൽ മഅ്ഹദുദ്ദീനി എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം. ഖുര്‍ആന്‍, സാമ്പത്തിക ശാസ്ത്രം എന്നിവയില്‍ സവിശേഷ പഠനം നടത്തി. കാസര്‍കോട് ആലിയ അറബിക് കോളജ്, ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളജ്, കുറ്റ്യാടി ഇസ്‍ലാമിയ കോളജ്, ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. കുറച്ചുകാലം പ്രബോധനം വാരികയുടെ പത്രാധിപസമിതിയിലും അംഗമായി.
ഖത്തറിലെ സൗദി അറേബ്യൻ എംബസിയിലും ഖത്തർ ഇൻഫർമേഷൻ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായിരുന്ന സലീം മൗലവി, ഖത്തർ റേഡിയോയിലും ടെലിവിഷനിലും പ്രഭാഷകനുമായിരുന്നു. ഖത്തർ ഇന്ത്യൻ ഇസ്‍ലാമിക് അസോസിയേഷൻ പ്രസിഡന്റ്, ശരീഅ മർകസ് കൗൺസിൽ മെമ്പർ, പെരുമ്പിലാവ് അൻസാരി ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ, മൊറയൂർ ഗുഡ് വിൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, ഗുഡ് വിൽ ഗ്ലോബൽ എക്സലൻസ് സെന്റർ ഡയറക്ടർ സ്ഥാനങ്ങൾ വഹിച്ചു. അന്താരാഷ്ട്ര മുസ്‍ലിം പണ്ഡിത സംഘടന, ശാന്തപുരം അൽജാമിഅ അൽ ഇസ്‍ലാമിയ അലുംനി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു.
അറബി, മലയാളം ആനുകാലികങ്ങളിൽ സ്ഥിരം എഴുത്തുകാരനായിരുന്ന സലീം മൗലവി തഫ്ഹീമുല്‍ ഖുര്‍ആൻ വിവര്‍ത്തനത്തിലും പങ്കാളിയായിട്ടുണ്ട്. ‘ജമാഅത്തെ ഇസ്‌ലാമി: സംശയങ്ങളും മറുപടിയും’, ‘ജിന്നും ജിന്നുബാധയും’, മഹ്ദി എന്ന മിഥ്യ, ഏകദൈവ വിശ്വാസം (വിവർത്തനം) എന്നിവയാണ് കൃതികൾ.
ഭാര്യമാർ: സഫിയ, ആയിശ ബീവി. മക്കൾ: സുമയ്യ, മുനാ, അസ്മ, സാജിദ, യാസ്മിൻ, സുഹൈല, ബനാൻ, ഉസാമ, അനസ്, യാസിർ, അർവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.