നാദാപുരം: നരിക്കാട്ടേരിയിലെ പത്താം ക്ലാസ് വിദ്യാർഥി കറ്റാറത്ത് അസീസിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിർണായഘട്ടത്തിലെന്ന് വടകര റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസ്. അസീസിനെ മർദിക്കുന്ന ദൃശ്യം ചിത്രീകരിച്ച സഹോദരിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. അസീസ് മരിച്ച ദിവസം വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറെ വീണ്ടും ചോദ്യം ചെയ്യും. അസീസിന്റെ മരണം കൊലപാതകമാണോ എന്ന് 10 ദിവസത്തിനകം വ്യക്തമാകുമെന്നും എസ്.പി എ. ശ്രീനിവാസ് മീഡിയവണിനോട് പറഞ്ഞു.
അസീസിന്റെ മരണത്തിൽ കഴിഞ്ഞ ദിവസമാണ് പുനരന്വേഷണം ആരംഭിച്ചത്. നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ആത്മഹത്യയായി എഴുതിത്തള്ളിയ കേസ് കൊലപാതകമാണെന്ന സൂചന നൽകുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പുനരന്വേഷണം നടത്താൻ റൂറൽ എസ്.പി ഉത്തരവിട്ടത്.
അന്വേഷണത്തിന്റെ ഭാഗമായി ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിൽ വീട്ടുകാരിൽനിന്ന് വെള്ളിയാഴ്ച ഉച്ചയോടെ മൊഴിയെടുത്തു. വീട്ടുകാർ പഴയ മൊഴിയിൽ ഉറച്ചു നിൽക്കുകയാണെന്നാണ് വിവരം. വിദേശത്ത് കടന്ന സഹോദരൻ സഫ്വാനെ രണ്ടു ദിവസം മുമ്പ് നാട്ടിൽ എത്തിച്ചിരുന്നു. ഇയാളെയും സംഭവസമയം വീട്ടിലുണ്ടായിരുന്ന സഹോദരിയെയും ശാസ്ത്രീയമായി ചോദ്യം ചെയ്താൽ വ്യക്തമായ തെളിവുകൾ ലഭിക്കുമെന്നാണ് നാട്ടുകാരും അയൽവാസികളും പറയുന്നത്.
അസീസ് കൊല്ലപ്പെടുന്ന കഴിഞ്ഞ വർഷം മേയ് അഞ്ചിന് അയൽവാസിയായ കരയത്ത് ബിയ്യാത്തുവിന്റെ വീട്ടിൽ നാലു കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്നു. വീട്ടിൽ നിന്ന് വിളിച്ചതിനെ തുടർന്ന് നാലുമണിക്ക് കാണാം എന്നു പറഞ്ഞാണ് ഉച്ചക്ക് കൂട്ടുകാരെ പിരിഞ്ഞത്. വീട്ടിലെത്തി 15 മിനിറ്റുകൾക്കു ശേഷം മരണപ്പെട്ട വിവരമാണ് അറിയുന്നതെന്ന് ബിയ്യാത്തു പറഞ്ഞു. പഠിക്കാൻ മിടുക്കനായ അസീസിന് യാത്രക്കൂലിക്കാവശ്യമായ പണവും പലപ്പോഴായി ഇവർ നൽകിയിരുന്നു.
പത്താംക്ലാസ് പരീക്ഷ ഫലം വന്നാൽ ടൂറിന് പോകാനുള്ള പണം തരണമെന്ന് തന്നോട് ആവശ്യപ്പെട്ട അസീസ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഇവർ ഉറപ്പിച്ചുപറഞ്ഞു. സാഹചര്യത്തെളിവുകളെല്ലാം കുടുംബത്തിന് എതിരായിട്ടും പൊലീസ് ശരിയായ അന്വേഷണം നടത്താൻ തയാറാകുന്നില്ലെന്ന് കർമസമിതി പ്രവർത്തകരും ആക്ഷേപം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.