ചങ്ങനാശേരി: നായര്‍ സര്‍വിസ് സൊസൈറ്റിക്ക് 145,01,80,175 കോടിയുടെ സ്വത്ത്. സ്ഥാവര ജംഗമവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ മൂല്യമാണിത്. എന്‍.എസ്.എസിന്‍െറ 2015-16 വര്‍ഷത്തെ വരവു-ചെലവ് കണക്കും ബാക്കിപത്രവും അവതരിപ്പിച്ച് എന്‍.എസ്.എസ് ട്രഷറര്‍ ഡോ. എം. ശശികുമാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് സ്വത്തുവിവരം വെളിപ്പെടുത്തുന്നത്.
മുന്നിരിപ്പ് ഉള്‍പ്പെടെ 90,90,50 942 രൂപ വരവും 76,50,23,366 രൂപ ചെലവുമാണ്. 14,40,27,576 രൂപ നീക്കിയിരിപ്പും 6,28,25,009 രൂപ മിച്ചവും. റിപ്പോര്‍ട്ടും ട്രഷറര്‍ അവതരിപ്പിച്ച ഓഡിറ്റേഴ്സ് റിപ്പോര്‍ട്ടും ചര്‍ച്ചകള്‍ക്ക് ശേഷം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. എന്‍.എസ്.എസ് പ്രസിഡന്‍റ് പി.എന്‍. നരേന്ദ്രനാഥന്‍നായര്‍ അധ്യക്ഷത വഹിച്ചു. പ്രതിനിധിസഭായോഗത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അവതരിപ്പിച്ച ഒൗദ്യോഗിക പ്രമേയങ്ങളും യോഗം പാസാക്കി.
എന്‍.എസ്.എസ് കരയോഗങ്ങള്‍ കേന്ദ്രീകരിച്ച് ഇ-സേവനകേന്ദ്രം തുടങ്ങും –ജി. സുകുമാരന്‍നായര്‍
നായര്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ താലൂക്കുകളിലായി 500 ആശ്രയ ഇ-സേവന കേന്ദ്രങ്ങള്‍ ഈവര്‍ഷം ആരംഭിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. പെരുന്ന എന്‍.എസ്.എസ് പ്രതിനിധിസഭാ മന്ദിരം ഹാളില്‍ ബജറ്റ് ബാക്കിപത്രാവതരണ സമ്മേളനത്തിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി തയാറാക്കിയ പദ്ധതി രൂപരേഖ എന്‍.എസ്.എസ് പ്രസിഡന്‍റ് പി.എന്‍. നരേന്ദ്രനാഥന്‍നായര്‍ക്ക് നല്‍കി ജനറല്‍ സെക്രട്ടറി പ്രകാശനം ചെയ്തു.
സമുദായാംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം എല്ലാ വിഭാഗം ജനങ്ങള്‍ക്കും സേവനങ്ങള്‍ ലഭ്യമാകത്തക്ക രീതിയില്‍ കരയോഗതലങ്ങളിലാണ് എന്‍.എസ്.എസ് ഇ-സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനൊപ്പം സ്ത്രീശാക്തീകരണവും പദ്ധതി ലക്ഷ്യമിടുന്നു. സ്വയംതൊഴില്‍ സംരംഭങ്ങളുടെ ഭാഗമായ പദ്ധതി വനിതാ സംരംഭകത്വ ഗ്രൂപ്പിന്‍െറ ചുമതലയിലും കരയോഗങ്ങളുടെ മേല്‍നോട്ടത്തിലുമാകും.
ഓരോ കേന്ദ്രത്തിനും കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും ടെലിഫോണും ഫോട്ടോകോപ്പി മെഷീനും ഫര്‍ണിച്ചറുകളും മറ്റും സജ്ജീകരിക്കണം. അതിലേക്ക് ആവശ്യമെങ്കില്‍ ബാങ്കുവായ്പകളും ലഭ്യമാക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത സേവനങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മിതമായ നിരക്കില്‍ ലഭ്യമാക്കും. പദ്ധതിയുടെ രൂപരേഖ എന്‍.എസ്.എസ് സോഷ്യല്‍ സര്‍വിസ് വകുപ്പില്‍നിന്ന് എല്ലാ താലൂക്ക് യൂനിയനുകള്‍ക്കും നല്‍കും. എന്‍.എസ്.എസിന് പാലക്കാട്ട് അനുവദിച്ച ആര്‍ട്സ് ആന്‍ഡ് സയന്‍സ് എയ്ഡഡ് കോളജ് ഒക്ടോബര്‍ അഞ്ചിന് പ്രവര്‍ത്തനം ആരംഭിക്കും. കോളജ് അനുവദിച്ച യു.ഡി.എഫ് സര്‍ക്കാറിനെയും പ്രവര്‍ത്തനാനുമതി നല്‍കിയ എല്‍.ഡി.എഫ് സര്‍ക്കാറിനെയും യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.