നാലു വർഷം മുമ്പ് ബംഗളുരുവിൽ ജോലി ചെയ്യുന്നതിനിടെയാണ് ഐജാസ് അഹമ്മദ് മിർസയെ അവസാനം കണ്ടത്. മിർസയെ തിരഞ്ഞു പോകുന്നതിന് അന്നൊരു കാരണമുണ്ടായിരുന്നു - രണ്ട് വർഷം 'ഭീ കര'നായും കൊടും കുറ്റവാളിയായിട്ടും പൊലീസും മാധ്യമങ്ങും ആഘോഷിച്ച ആ 25 കാരനെ തെളിവില്ലെന്ന പേരിൽ എൻ. ഐ.എ വെറുതെ വിട്ടിരിക്കുന്നു.ബംഗളുരു നഗരത്തിരക്കിൽ നിന്ന് മാറി ചെറിയെ കടവരാന്തയിൽ എന്നെ കാത്തിരുന്ന മിർസയെ ഞാൻ നോക്കി. 25 കാരന്റെ മുഖഭാവങ്ങളോ, ശരീരഭാഷയോ ഇല്ലാത്ത ചെറുപ്പക്കാരൻ. സ്വപ്നങ്ങൾ അടർന്ന് പോയ കണ്ണുകൾ...ആരായിരുന്നു- മിർസ, രാജ്യത്തെ അഭിമാന സ്ഥാപനമായ ഡി.ആർ.ഡി.ഒ (പ്രതിരോധ വികസന സ്ഥാപനം) യിലെ ഗവേഷണ വിദ്യാർഥി. യുവ ശാസ്ത്രജ്ഞൻ. നാളെയിലേക്ക് രാജ്യത്തിന് കരുത്തു പകരേണ്ടവൻ. തേടിയെത്തിവർക്ക് (പൊലീസ് )അതൊന്നും ഒരു കാരണമേ അല്ലായിരുന്നു. മറ്റു 12 മുസ്ലിം ചെറുപ്പക്കാർക്കൊപ്പം മിർസയും അറസ്റ്റിലായി. 2012 ആഗസ്റ്റിലായിരുന്നു അത്. പിടിയിലായവർ മുഴുവൻ മുസ് ലിം പ്രാഫഷണലുകളായിരുന്നു. ഡോക്ടർ, മാധ്യമ പ്രവർത്തകൻ, എഞ്ചിനീയർമാർ.
കർണാടകയിലേയും സമീപ പ്രദേശങ്ങളിലേയും മാധ്യമ പ്രവർത്തകരെയും ജനപ്രതിനിധികളെയും വധിക്കാൻ പദ്ധതിയിട്ടെന്നായിരുന്നു കേസ്. അറസ്റ്റിന് പിറകെ വാർത്തകൾ ഉയർന്ന് പൊങ്ങി, കഥകൾ നിറഞ്ഞു. അന്താരാഷ്ട്ര ഭീകര സംഘടകളുമായി ബന്ധിപ്പിക്കലായി. അറസ്റ്റ് ചെയ്ത കർണാടക ക്രൈം ബ്രാഞ്ചും ഹൈദരാബാദ് പൊലീസും കേസ് എൻ.ഐ.ക്ക് കൈമാറി.മിർസയുടെ ഡി. ആർ.ഡി.ഒയിലെ ഗവേഷണം സ്ഥാപനം അവസാനിപ്പിച്ചു. നിരപരാധിത്തം തെളിഞ്ഞാൽ ഗവേഷണം തുടരാം എന്ന പ്രതിരോധ മന്ത്രിയുടെ വാക്ക് പോലും ഭീകര വാർത്തകളിൽ മുങ്ങി.രണ്ട് വർഷം പിന്നിട്ടു. 2014 ജൂണിൽ എൻ.ഐ.എ പറഞ്ഞു- മിർസ കുറ്റവാളിയല്ല. ഒരു തെളിവുമില്ല, അന്തിമ കുറ്റപത്രത്തിൽ നിന്ന് മിർസയുടെ പേര് ഒഴിവാക്കുന്നു. കേസിൽ നിന്ന് ഒഴിവായെങ്കിലും, പഴയതൊന്നും തിരികെ കിട്ടിയില്ല. ഡി.ആർ.ഡി.ഒയുടെ വാതിലുകൾ ഇതിനകം മിർസക്ക് മുമ്പിൽ അടഞ്ഞിരുന്നു. ഒരു തൊഴിലും ചെയ്യാനാകാതെ, ഒരിടത്തും ജോലി കിട്ടാതെ മഹാനഗത്തിലൂടെ അയാൾ അലഞ്ഞു. പാസ്പോർട്ട് ഏറെ കാലം പിടിച്ചു വെച്ചതിനാൽ വിദേശ ജോലിക്ക് ശ്രമിക്കാനുമായില്ല. ഹൃദയം കൊണ്ടാണയാൾ ജീവിതം പറഞ്ഞത്.
ആ ചെറുപ്പക്കാരനോട് ഞാനെന്ത് മറുപടി പറയും ! ഇതെല്ലാം ഉൾപ്പെടുത്തി ഒരു വാർത്ത നൽകാമന്നല്ലാതെ. എത്രയെത്ര ചെറുപ്പക്കാരെയാണ് രാജ്യത്തിന്റെ പലയിടങ്ങളിൽ നിന്നായി പലപ്പോഴായി പിടിച്ചു കൊണ്ടുപോയത്. വർഷങ്ങളോളം ജയിലിലിട്ടത്. ഇപ്പോഴും വിചാരണ തടവിലുള്ളത്.വെള്ളിയാഴ്ച നമ്പി നാരായണൻ കേസിന്റെ വിധി വന്നപ്പോൾ, കർണാടകയിലെ മാധ്യമ പ്രവർത്തകനായ സുഹൃത്തിനോട് മിർസയെ കുറിച്ച് ചോദിച്ചു - ഏതോ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു എന്ന മറുപടി കിട്ടി. അഹമ്മദ് മിർസക്ക് നഷ്ടമായ വർഷങ്ങൾ, അനുഭവിച്ച സംഘടങ്ങൾ, ഇല്ലാതെ പോയ സ്വപ്നങ്ങൾ ഇവക്ക് എത്ര നഷ്ടപരിഹാരം നൽകിയാലാണ് മതിയാക്കുക ??
.......
ബംഗളുരുവിൽ നിന്ന് ഏറെ ദൂരെയുള്ള ധർവാദ് ജയിലിൽ വർഷങ്ങളോളം മലയാളിയായൊരു തടവുകാരനുണ്ടായിരുന്നു. മുക്കം സ്വദേശി യഹ്യ കമ്മുകുട്ടി. ഏഴു വർഷമാണ് ചെയ്യാത്ത കുറ്റത്തിന് യഹ് യ വിചാരണ കാലത്ത് ശിക്ഷ അനുഭവിച്ചത്.എഞ്ചിനീയറായിരുന്ന യഹ്യ ബംഗളുരുവിൽ സ്വപ്നങ്ങളിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. യഹ് യ ക്ക് നഷ്ടപ്പെട്ടതെന്നും തിരിച്ചു കൊടുക്കാൻ ആർക്കുമാകില്ല. അത്രമേൽ വലുതാണത്.
ബംഗളുരുവിലെ 'ആശുപത്രി മുറിയിൽ' ഇരുട്ടു പടരുന്ന കണ്ണുകളും നരകയറിയ രോമങ്ങളും തളരുന്ന ശരീരവുമായി അബ്ദുനാസിർ മങ്ങ് ദനിയുണ്ട്. പരപ്പന അഗ്രഹാര ജയിലിലെ സെല്ലിൽ, എൻ.ഐ.എ കോടതിയുടെ ഹാളിൽ, ആശുപത്രി വരാന്തയിൽ എത്ര വട്ടം അദ്ദേഹത്തെ കണ്ടു. പരപ്പനങ്ങാടിക്കാരൻ സക്കരിയ, ഷമീർ... ഒറ്റ വായനയിൽ ദുർബലമെന്ന് ആർക്കും ബോധ്യപ്പെടുന്ന കേസായിട്ടും ഇവരൊക്കെ വർഷങ്ങളായി തടവിലാണ്. നമ്പി നാരായണൻ നേരിട്ടതിനേക്കാൾ കൂടുതൽ പുറം വിചാരണക്ക് പാത്രമായി കൊണ്ടേയിരിക്കുന്നവർ. നഷ്ടങ്ങൾ സ്വയം സഹിക്കുന്നവർ.
ഇവ പലപ്പോഴായി കണ്ടുമുട്ടിയ മുഖങ്ങൾ മാത്രം. അല്ലാത്തവർ എത്രയെത്ര. ജസ്റ്റിസ് അണ്ടര്‍ ട്രയല്‍ എന്ന പേരില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് വിചാരണ തടവുകാരുടെ എണ്ണത്തില്‍ ഇന്ത്യ 18-ാം സ്ഥാനത്താണ്. ഏഷ്യയില്‍ മൂന്നാമതും. 2015 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന 67 ശതമാനം പേരും വിചാരണ തടവുകാരാണ്. കുറ്റക്കാരാണെന്ന് കണ്ടെത്താതെ വിചാരണ പൂര്‍ത്തീകരിക്കാത്തതോ, വിചാരണ നടക്കാത്തവരോ ആണിവരില്‍ ഏറിയ പങ്കും. അതിനാൽ, ഐ.എസ്. ആർ.ഒ വ്യാജ ചാരക്കേസിലെ സുപ്രീം കോടതി വിധി നമ്പി നാരായണനിൽ മാത്രം ഒതുങ്ങുന്നതോ, ഒതുങ്ങേണ്ടതോ അല്ല. രാജ്യത്ത് കെട്ടിക്കിടക്കുന്ന കേസുകളിലേക്കും വിചാരണത്തടവുകാരിലേക്കും സ്ഥാപിത താൽപര്യങ്ങൾക്കായി നിയമ സംവിധാനത്തെ ഉപയോഗപ്പെടുത്തുന്ന എല്ലാവരിലേക്കും ഇത് നീളേ ണ്ടതുണ്ട്. നമ്പി നാരായണന് നീതി ലഭിക്കാൻ 24 വർഷം പോരാടേണ്ടി വന്നു, സുപ്രീം കോടതിയിൽ എത്തേണ്ടി വന്നു എന്നത് നൽകുന്നത്നാ ധിപത്യത്തെ കുറിച്ച നല്ല സൂചനയല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.