മൂവാറ്റുപുഴ: കൺമുന്നിൽ പ്രിയ കൂട്ടുകാരി പിടഞ്ഞു മരിക്കുന്നത് കണ്ടതിന്റെ ഞെട്ടലിൽനിന്ന് മുക്തരാകാതെ സഹപാഠികൾ.വൈകീട്ട് അഞ്ചുവരെ തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന നമിതയെ ബൈക്കിന്റെ രൂപത്തിൽ മരണം തട്ടിയെടുത്തത് ഇനിയും അവർക്ക് വിശ്വസിക്കാനായിട്ടില്ല. നൂറുകണക്കിന് വിദ്യാർഥികളുടെ മുന്നിൽെവച്ചാണ് അപകടം.
കോളജ് വിട്ട സമയത്ത് മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ തലങ്ങും വിലങ്ങും ഈ ബൈക്ക് പാഞ്ഞുപോയിരുന്നു. ഇതിനിടയിലാണ് റോഡ് മുറിച്ച് ബസ് സ്റ്റോപ്പിലേക്ക് നടന്ന നമിതയെയും കൂട്ടുകാരിയെയും ഇടിച്ചുതെറിപ്പിച്ചത്.സംഭവം കൺമുന്നിൽ കണ്ട വിദ്യാർഥികൾ ഓടിയെത്തി ബൈക്ക് യാത്രികനെ അടക്കം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മൂവാറ്റുപുഴ: കോളജിന് മുന്നിൽ ബൈക്കുകളിൽ അഭ്യാസപ്രകടനം നടത്തുന്ന പൂവാലന്മാരെ നിലക്ക് നിർത്തണം എന്ന് ആവശ്യപ്പെട്ട് അധികൃതർ പലവട്ടം പൊലീസിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആരോപണം.കോളജ് വിടുന്ന സമയത്ത് നിരത്തിലിറങ്ങുന്ന ഇത്തരക്കാരെ നിയന്ത്രിക്കാൻ പിങ്ക് പൊലീസിന് നിർദേശം ഉണ്ടായിരുന്നെങ്കിലും ഇവരുടെ സേവനം ലഭിച്ചില്ലെന്ന പരാതിയാണുയരുന്നത്.
ഗതാഗതത്തിരക്കും വാഹനങ്ങൾ അമിതവേഗത്തിലും പാഞ്ഞുപോകുന്ന മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ നിർമല കോളജടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. വിദ്യാർഥികൾ റോഡ് കുറുകെ കടക്കുമ്പോൾ ഇവർക്ക് സുരക്ഷ ഒരുക്കണമെന്ന് പലവട്ടം പിങ്ക് പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് പറഞ്ഞിട്ടുണ്ടെങ്കിലും ഇവർ തയാറായിട്ടില്ലെന്ന് നഗരസഭ കൗൺസിലർ ജിനു മടേക്കലും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണും പറഞ്ഞു. ഇനിയും ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാൻ പിങ്ക് പൊലീസിന്റെ സേവനം കാര്യക്ഷമമായി പ്രയോജനപ്പെടുത്താൻ അധികൃതർ തയാറാകണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഇതിനിടെ, മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നിർമല ആശുപത്രിക്ക് മുന്നിൽ രാത്രി വൈകിയും വിദ്യാർഥികൾ കൂട്ടംകൂടി നിൽക്കുകയാണ്. ഇതേ ആശുപത്രിയിൽതന്നെ ചികിത്സയിൽ കഴിയുന്ന ബൈക്ക് അപകടത്തിന് കാരണക്കാരനായ ആൻസനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ തമ്പടിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.