വാടാനപ്പള്ളി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ദേശീയപാത വികസന പ്രവൃത്തികൾ എണ്ണയിട്ട യന്ത്രം പോലെയാണ് നീങ്ങുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയപാത 66ന്റെ നിർമാണ പുരോഗതി വിലയിരുത്താനുള്ള യാത്രയുടെ ഭാഗമായി വാടാനപ്പള്ളിയിലെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മലയാളികളുടെ ചിരകാല സ്വപ്നമാണ് ദേശീയപാത വികസനത്തിലൂടെ പൂവണിയാൻ പോകുന്നത്. 45 മീറ്ററിൽ ആറുവരിപ്പാതയാണ് നിർമിക്കുന്നത്. 2015ൽ അന്നത്തെ സർക്കാർ ഉപേക്ഷിച്ച പദ്ധതിയാണ്. 2016ൽ വന്ന പിണറായി സർക്കാർ കേന്ദ്രവുമായി ചർച്ച ചെയ്താണ് ഭൂമി ഏറ്റെടുത്ത് തടസ്സങ്ങൾ നീക്കി നിർമാണം ആരംഭിച്ചത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പാതക്ക് 5600 കോടി രൂപയാണ് ചെലവഴിക്കുന്നത്. നൂറോളം യോഗങ്ങൾ ചേർന്നു. അടുത്ത ദിവസവും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്. 2025 ഓടെ പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
തൃത്തല്ലൂർ ഏംഗൽസിൽനിന്ന് പുതിയ ഹൈവേ വഴിയാണ് മന്ത്രി കാറിൽ വാടാനപ്പള്ളിയിൽ എത്തിയത്.
മന്ത്രിയെ സ്വീകരിക്കാൻ മുരളി പെരുനെല്ലി എം.എൽ.എ, വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, വൈസ് പ്രസിഡന്റ് സി.എം. നിസാർ, സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു, ലോക്കൽ സെക്രട്ടറി സുരേഷ് മഠത്തിൽ, കെ.എ. വിശ്വംഭരൻ, അഷറഫ് വലിയകത്ത് തുടങ്ങിയവർ എത്തിയിരുന്നു. മന്ത്രി തളിക്കുളം ഹൈവേയും സന്ദർശിച്ചു. സി.സി. മുകുന്ദൻ എം.എൽ.എ, തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത തുടങ്ങിയവർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.