ദേശീയപാത; തർക്കം ഉണ്ടാകുമെന്ന് ആരും മനഃപായസം ഉണ്ണേണ്ട -മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയപാത വികസന വിഷയത്തിൽ കേന്ദ്രവും കേരളവും തമ്മിൽ തർക്കം ഉണ്ടാകുമെന്ന് ആരും മനഃപായസം ഉണ്ണേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി ഏറ്റെടുക്കാൻ ആവശ്യമായ തുകയുടെ 25 ശതമാനം നൽകാമെന്ന ഉറപ്പിൽനിന്ന് സംസ്ഥാനം പിൻവാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കാര്യവട്ടത്ത് സംസ്ഥാനത്തെ വിവിധ ദേശീയപാതകളുടെ നവീകരണത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുടെ സാന്നിധ്യത്തിലായിരുന്നു പരാമർശം.

സംസ്ഥാനത്ത് ദേശീയപാത വികസനം പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുക്കലിന് 25 ശതമാനം പണം ഉറപ്പുനൽകിയത്. അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു. കേരളം മാത്രമാണ് ഇങ്ങനെ പണം നൽകാൻ തയാറായത്. നേരത്തെ ഭൂമി ഏറ്റെടുത്ത് നൽകിയിരുന്നുവെങ്കിൽ ദേശീയപാത വികസനപദ്ധതിക്ക് ചെലവാക്കേണ്ട തുകയിൽ വലിയ കുറവുണ്ടാകുമായിരുന്നു. അതിനാൽ ഭൂമിയേറ്റെടുക്കലിന് സംസ്ഥാനം ഇതേവരെ നൽകിയ 25 ശതമാനം തുകയെ പിഴയായി കണക്കാക്കിയാൽ മതി. അതൊരു ബാധ്യതയായി ഇനി സംസ്ഥാനത്തിന് വഹിക്കാൻ സാധിക്കില്ല.

രാജ്യത്ത് മറ്റിടങ്ങളിലെ രീതിയാണ് ദേശീയപാത വികസന കാര്യത്തിൽ ഇനി കേരളത്തിലും വേണ്ടത്. ഈ നിലപാട് മാറ്റം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പാർലമെന്‍റിൽ അറിയിച്ചത് ഉയർത്തിപ്പിടിച്ച് അതിന്‍റെ പേരിൽ ഇവിടെ ദേശീയപാത വികസനം സ്തംഭിക്കാൻ പോകുന്നുവെന്ന തരത്തിലെ വാർത്തയിൽ കാര്യമില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കും.വികസന പദ്ധതികളുടെ പേരിൽ നാട്ടിൽ ആരും വഴിയാധാരമാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 2025ഓടെ കേരളത്തിലെ റോഡുകളുടെ മുഖച്ഛായ അമേരിക്കയിലേതിന് സമാനമായി മാറുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ നിതിന്‍ ഗഡ്കരി പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രി മുഹമ്മദ് റിയാസ്, മന്ത്രി ജി.ആർ. അനിൽ എന്നിവരും സംസാരിച്ചു.

Tags:    
News Summary - National Highway; No one should worry that there will be a dispute - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.