കോഴിക്കോട്: മലബാര്‍ മില്‍മയുടെ അംഗ സംഘത്തിന് വീണ്ടും ദേശീയ അംഗീകാരം. മലബാര്‍ മേഖല യൂനിയനില്‍ അംഗമായ പുല്‍പള്ളി ക്ഷീരോൽപാദക സഹകരണ സംഘം രാജ്യത്തെ മികച്ച ക്ഷീര സംഘത്തിനുള്ള ഗോപാല്‍ രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായി. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ക്ഷീര മേഖലയിലെ മികച്ച ഇടപെടലിനാണ് പുരസ്‌കാരം.
ദേശീയ ക്ഷീര ദിനമായ ഞായറാഴ്ച അസ്സമിലെ ഗുവാഹത്തി വെറ്ററിനറി കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ക്ഷീര വികസന-മൃഗസംരക്ഷണ മന്ത്രി പര്‍ഷോത്തം രൂപാല പുരസ്‌കാരം സമ്മാനിക്കും. അസ്സം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ, അസ്സം ക്ഷീര വികസന മന്ത്രി സഞ്ജീവ് കുമാര്‍ ബല്യന്‍ എന്നിവര്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 1770 ക്ഷീര സഹകരണ സംഘങ്ങളുമായി മത്സരിച്ചാണ് പുല്‍പള്ളി സംഘം ഈ നേട്ടം കൈവരിച്ചത്. സംഘത്തിന് പുരസ്‌കാരത്തിന് അപേക്ഷിക്കാന്‍ ആവശ്യമായ രേഖകളും മറ്റും തയാറാക്കി മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയത് മലബാര്‍ മില്‍മയാണ്.
മലബാര്‍ മേഖല യൂനിയന്‍ അംഗ സംഘങ്ങള്‍ക്ക് നല്‍കുന്ന വൈവിധ്യമാര്‍ന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാങ്കേതിക സാമ്പത്തിക സഹായങ്ങളാണ് അംഗ സംഘങ്ങളുടെ ഈ നേട്ടത്തിനിടയാക്കിയത്. ഗോപാല്‍രത്‌ന പുരസ്‌കാരം തുടര്‍ച്ചയായി രണ്ടാം തവണയാണ് മലബാര്‍ മേഖലാ യൂനിയനില്‍ അംഗമായ സംഘത്തിന് ലഭിക്കുന്നത്. കഴിഞ്ഞ തവണ മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘമാണ് പുരസ്‌കാരം നേടിയത്. രാജ്യത്തെ ഏറ്റവും മികച്ച അണു ഗുണനിലവാരമുള്ള പാല്‍ മലബാര്‍ മില്‍മയുടേതാണെന്ന് ദേശീയ മൃഗസംരക്ഷണ വകുപ്പ് ഈയിടെ പ്രഖ്യാപിച്ചിരുന്നു.
എത്തനോ വെറ്ററിനറി മരുന്നുകള്‍ നിര്‍മിച്ച് മിതമായ വിലയില്‍ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാക്കിയ മലബാര്‍ മില്‍മയുടെ പ്രവര്‍ത്തനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കിബാത്തിലൂടെ പ്രശംസിച്ചിരുന്നു. ദേശീയതലത്തില്‍ അംഗീകാരങ്ങള്‍ ലഭിക്കുന്നത് കൂടുതല്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാൻ മലബാര്‍ മില്‍മയെ പ്രാപ്തമാക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, മാനേജിങ് ഡയറക്ടര്‍ കെ.സി. ജെയിംസ് എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.