കോടതികൾ വിമർശിക്കേണ്ടത് കേന്ദ്ര സർക്കാറിനെയെന്ന് എ.ഐ.ടി.യു.സി

കോഴിക്കോട്: ദേശീയ പണിമുടക്കിനെ തുടർന്ന് സർക്കാർ ഓഫീസുകളിൽ ഹാജർ കുറഞ്ഞതിനെ വിമർശിച്ച ഹൈകോടതിക്ക് മറുപടിയുമായി സി.പി.ഐ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി. കോടതികൾ വിമർശിക്കേണ്ടത് കേന്ദ്ര സർക്കാറിനെയാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ പറഞ്ഞു.

ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ പോകുന്ന കാര്യം കൂട്ടായി ആലോചിക്കും. ഇപ്പോൾ പണിമുടക്കുന്ന സർക്കാർ ജീവനക്കാർ നാളെയും പണിമുടക്കും. നാളെയും സമരം ശക്തമായി തന്നെ നടക്കുമെന്നും കെ.പി രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കരുതെന്നും ഡയസ്നോൺ പ്രഖ്യാപിച്ച് ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് വിലക്കി ഇന്ന് തന്നെ സർക്കാർ ഉത്തരവിറക്കണമെന്നുമാണ് ഹൈകോടതി നിർദേശിച്ചത്. ദേശീയ പണിമുടക്കിൽ ഡയസ്നോൺ പ്രഖ്യാപിക്കാത്തത് ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.

പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ ഹൈകോടതി  അതൃപ്തി പ്രകടിപ്പിച്ചു. സർക്കാർ ജീവനക്കാർ സമരം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പണിമുടക്ക് ദിവസങ്ങളിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടു കൂടി അവധി നൽകാൻ നീക്കമുണ്ടെന്നും അത് തടയണമെന്നായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇത് ശരിയായ രീതിയല്ലെന്നും കോടതി വിമർശിച്ചു.

Tags:    
News Summary - National Strike; AITUC says courts should criticize central government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.