കൊച്ചി: നാട്ടിൻപുറങ്ങളിലെ കലാകാരന്മാർക്ക് ഒത്തുചേരാനും പരിപാടി അവതരിപ്പിക്കാനും പൊതുവേദി ഒരുക്കാൻ ‘നാട്ടരങ്ങ്’ പദ്ധതിയുമായി സാംസ്കാരിക വകുപ്പ്. തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന; നടപ്പാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ ഭരണാനുമതിക്കായി സർക്കാറിന് സമർപ്പിച്ചു. വകുപ്പിെൻറ പ്രവർത്തനം ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിെൻറ ഭാഗമാണ് പദ്ധതി. പഞ്ചായത്തുകളും നഗരസഭകളും കേന്ദ്രീകരിച്ചാകും പദ്ധതി നടപ്പാക്കുക. തദ്ദേശീയ കലാകാരന്മാർക്കും കലാസംഘടനകൾക്കും പരിപാടി അവതരിപ്പിക്കാൻ പൊതുവേദികളില്ലാത്ത പ്രദേശങ്ങളാണ് പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത്.
ഗതാഗതത്തിരക്ക് കുറഞ്ഞതും വീതിയേറിയതുമായ റോഡിെൻറ വശങ്ങളിൽ സ്റ്റേജ്, മേക്കപ് മുറി, ചാരുബെഞ്ചുകൾ എന്നിവയോടു കൂടിയാകും നാട്ടരങ്ങ് സജ്ജീകരിക്കുക. ഇവ ചിത്രങ്ങൾ ആലേഖനം ചെയ്ത് മോടി പിടിപ്പിക്കും. കലാകാരൻമാർക്ക് ഒത്തുചേരാനും പരിപാടി അവതരിപ്പിക്കാനുമുള്ള സ്ഥിരം വേദിയായിരിക്കും ഇത്. സാംസ്കാരിക വകുപ്പിന് ജനകീയ മുഖം നൽകുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പദ്ധതിക്ക് ആദ്യഘട്ടത്തിൽ ഒരു കോടിയോളം രൂപയാണ് സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുസ്ഥലത്ത് നാട്ടരങ്ങ് ഒരുക്കാൻ മൂന്നു ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.
രാജ്യത്ത് ആദ്യമായാണ് ‘നാട്ടരങ്ങ്’ എന്ന ആശയം ഇൗ രീതിയിൽ നടപ്പാക്കുന്നത്. ആദ്യഘട്ട പ്രവർത്തനം വിലയിരുത്തിയശേഷം കൂടുതൽ വിപുലമാക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇതോടൊപ്പം ജില്ല ആസ്ഥാനങ്ങളിൽ സാംസ്കാരിക സമുച്ചയങ്ങൾ നിർമിക്കുന്ന പദ്ധതിക്ക് സാംസ്കാരിക വകുപ്പ് തുടക്കമിടുകയാണ്. ഇത്തരം കേന്ദ്രങ്ങളുടേതിന് സമാനമായ സൗകര്യം നാട്ടിൻപുറങ്ങളിൽ ഒരുക്കാനാണ് ‘നാട്ടരങ്ങി’ലൂടെ ശ്രമിക്കുന്നതെന്ന് സാംസ്കാരിക വകുപ്പിലെ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു.
700 കോടിയോളം രൂപ ചെലവിലാണ് സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുന്നത്. പാലക്കാട്, കൊല്ലം, കാസർകോട് ജില്ലകളിലെ സമുച്ചയങ്ങളുടെ വിശദ പദ്ധതി രേഖ തയാറായി. ഒാരോ ജില്ലയിലും മൂന്നര മുതൽ അഞ്ച് ഏക്കർ വരെ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. അതത് ജില്ലയിലെ നവോത്ഥാന നായകരുടെ പേരിലാകും സമുച്ചയങ്ങൾ അറിയപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.