മലപ്പുറം: നവംബര്‍ 27 മുതല്‍ 30 വരെ നാല് ദിവസങ്ങളിലായാണ് മലപ്പുറം ജില്ലയിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള സദസുകളും പ്രഭാത സദസുകളും നടക്കുന്നത്. ഓരോ ദിവസവും നാല് മണ്ഡലങ്ങളില്‍ പര്യടനം നടത്തും. തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ കേന്ദ്രമായുള്ള മൂന്ന് പ്രഭാത സദസുകള്‍ ഉള്‍പ്പെടെ ആകെ 19 പരിപാടികളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് ജനങ്ങളുമായി ആശയവിനിമയം നടത്തുക. ഓരോ മണ്ഡലം സദസിലും 15,000 ത്തിലധികം പേരെ പങ്കെടുപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രഭാത സദസുകളില്‍ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികള്‍, വെറ്ററന്‍സ്, വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിളാ-യുവജന-വിദ്യാര്‍ത്ഥി വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, വിവിധ അവാര്‍ഡ് നേടിയവര്‍, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കള്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കലാസാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നവംബര്‍ 27ന് തിരൂര്‍ ബിയാന്‍കോ കാസിലില്‍ രാവിലെ ഒമ്പതിന് നടക്കുന്ന പ്രഭാത സദസ്സോടെയാണ് ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമാവുക. തിരൂര്‍, തവനൂര്‍, പൊന്നാനി, താനൂര്‍ മണ്ഡലങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആദ്യ പ്രഭാത സദസ്സില്‍ പങ്കെടുക്കും.
തുടര്‍ന്ന് അന്നേ ദിവസം രാവിലെ 11 ന് പൊന്നാനി ഹാര്‍ബര്‍ ഗ്രൗണ്ടില്‍ ജില്ലയിലെ ആദ്യത്തെ മണ്ഡലംതല നവകേരള സദസ്സ് നടക്കും. വൈകുന്നേരം മൂന്നിന് തവനൂര്‍ മണ്ഡലം സദസ് എടപ്പാള്‍ സഫാരി പാര്‍ക്കിലും, 4.30 ന് തിരൂര്‍ മണ്ഡലം സദസ്സ് ജി.ബിഎച്ച്.എസ്.എസ് ഗ്രൗണ്ടിലും വൈകുന്നേരം ആറിന് താനൂര്‍ മണ്ഡലം ജനസദസ്സ് ഉണ്യാല്‍ ഫിഷറീസ് സ്റ്റേഡിയത്തിലും നടക്കും.
നവംബര്‍ 28ന് വള്ളിക്കുന്ന് മണ്ഡലം സദസ്സ് രാവിലെ 11ന് കാലിക്കറ്റ് സര്‍വകലാശാല ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. തിരൂരങ്ങാടി മണ്ഡലം സദസ്സ് വൈകുന്നേരം മൂന്നിന് പരപ്പനങ്ങാടി അവുക്കാദര്‍ക്കുട്ടി നഹ സ്മാരക സ്റ്റേഡിയത്തിലും വേങ്ങര മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് സബാഹ് സ്‌ക്വയറിലും കോട്ടക്കല്‍ മണ്ഡലം സദസ് വൈകുന്നേരം ആറിന് ആയുര്‍വേദ കോളജ് ഗ്രൗണ്ടിലും നടക്കും.
നവംബര്‍ 29 ന് രാവിലെ ഒമ്പതിന് മലപ്പുറം വുഡ്ബൈന്‍ ഹോട്ടലില്‍ എട്ട് മണ്ഡലങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രഭാത സദസ്സ് നടക്കും. തുടര്‍ന്ന് കൊണ്ടോട്ടി മണ്ഡലം നവകേരള സദസ് രാവിലെ 11ന് മേലങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടക്കും. മഞ്ചേരി മണ്ഡലം സദസ്സ് വൈകുന്നേരം മൂന്നിന് ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും, മങ്കട മണ്ഡലം സദസ് വൈകുന്നേരം 4.30ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും, മലപ്പുറം മണ്ഡലം സദസ് വൈകുന്നേരം ആറിന് എം.എസ്.പി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും.
നവംബര്‍ 30 ന് രാവിലെ ഒമ്പതിന് പെരിന്തല്‍മണ്ണ പൊന്ന്യാകുറിശ്ശി ശിഫാ കണ്‍വെന്‍ഷന്‍ സെന്ററില്‍ നാല് മണ്ഡലങ്ങളുടെ പ്രഭാത സദസ്സ് നടക്കും. തുടര്‍ന്ന് ഏറനാട് മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കും. വൈകുന്നേരം മൂന്നിന് നിലമ്പൂര്‍ മണ്ഡലം സദസ്സ് വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിലും വണ്ടൂര്‍ മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് വി.എം.സി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും, പെരിന്തല്‍മണ്ണ മണ്ഡലം സദസ്സ് വൈകുന്നരേം ആറിന് നെഹ്റു സ്റ്റേഡിയത്തിലും നടക്കും. പരിപാടികളില്‍ എം.എല്‍ എ മാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും പൗരപ്രമുഖരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
സംഘാടനം
സംസ്ഥാനതലത്തില്‍ നവകേരള സദസിന്റെ ഏകോപനം പാര്‍ലമെന്ററികാര്യ മന്ത്രിയാണ് നിര്‍വഹിക്കുന്നത്. ജില്ലകളിലെ സംഘാടനം ജില്ലയുടെ ചുമതലയുള്ള മന്ത്രിമാര്‍ക്കും നടത്തിപ്പ് ചുമതല ജില്ല കളക്ടര്‍മാര്‍ക്കുമാണ്. അതത് മണ്ഡലത്തിലെ എം.എല്‍.എ, മുന്‍ എം.എല്‍.എ, മറ്റേതെങ്കിലും ജനപ്രതിനിധി അല്ലെങ്കില്‍ പൊതുസമ്മതനായ പ്രമുഖ വ്യക്തിയോ ആണ് സംഘാടക സമിതി ചെയര്‍മാന്‍. പഞ്ചായത്ത്തല സംഘാടക സമിതി ചെയര്‍മാന്‍ തദ്ദേശസ്ഥാപന ചെയര്‍പേഴ്സണോ പ്രതിപക്ഷ നേതാവോ ആയിരിക്കും.
മലപ്പുറം ജില്ലയില്‍ എ.ഡി.എം എന്‍.എം മെഹറലിയാണ് ജില്ലാതല നോഡല്‍ ഓഫീസര്‍. സബ് കളക്ടര്‍മാരായ ശ്രീധന്യ സുരേഷ്, സച്ചിന്‍ കുമാര്‍ യാദവ് എന്നിവരാണ് സബ് ഡിവിഷണല്‍ നോഡല്‍ ഓഫീസര്‍മാര്‍. 16 മണ്ഡലങ്ങളിലും വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാരാണ് നോഡല്‍ ഓഫീസര്‍മാര്‍. ഓരോ താലൂക്കിന്റെയും ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍മാര്‍ ചാര്‍ജ്ജ് ഓഫീസര്‍മാരും താലൂക്ക് തഹസിദാര്‍മാര്‍ കണ്‍വീനര്‍മാരുമാണ്. പത്തിലധികം സബ് കമ്മിറ്റികള്‍ രൂപീകരിച്ച് വിവിധ വകുപ്പുകളിലെ ജില്ലാ തല ഓഫിസര്‍മാരെ നോഡല്‍ ഓഫീസര്‍മാരായും നിയോഗിച്ചിട്ടുണ്ട്.
പരാതികള്‍ സ്വീകരിക്കാന്‍ 20 കൗണ്ടറുകൾ വീതം
നവകേരള സദസിനെത്തുന്നവരില്‍ നിന്നും പരാതി സ്വീകരിക്കാന്‍ ഓരോ മണ്ഡലത്തിലും 20 കൗണ്ടറുകള്‍ വീതം സജീകരിക്കും. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാന്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. നവകേരള സദസ്സ് തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂര്‍ മുമ്പ് പരാതികള്‍ സ്വീകരിച്ച് തുടങ്ങും. പൊതുപരിപാടി അവസാനിച്ചാലും മുഴുവന്‍ പരാതികളും സ്വീകരിച്ച ശേഷമേ കണ്ടറുകള്‍ അടക്കു. പരാതിക്കാര്‍ക്ക് കൈപ്പറ്റ് രസീത് നല്‍കും. പരാതികൾ പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം തീരുമാനമെടുത്ത് പരാതിക്കാരന് മറുപടി നല്‍കും. കൂടുതല്‍ നടപടിക്രമങ്ങള്‍ ആവശ്യമുള്ള കേസുകളില്‍ നാലാഴ്ചയ്ക്കകം തീര്‍പ്പുണ്ടാക്കും. ഇത്തരം സാഹചര്യങ്ങളില്‍ പരാതിക്കാരന് ഒരാഴ്ചക്കകം ഇടക്കാല മറുപടി നല്‍കും. സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട പരാതികളില്‍ പരമാവധി 45 ദിവസത്തിനകം പരിഹാരം കാണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.