പി.പി. ദിവ്യ, നവീൻ ബാബു

നവീൻ ബാബുവിന്റെ ആത്മഹത്യ: ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് റവന്യൂ വകുപ്പ് റിപ്പോർട്ട്

തിരുവനന്തപുരം: എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ. ഗീത നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി. കണ്ണൂർ കലക്ടർ അടക്കം 17 പേരിൽ നിന്നാണ് മൊഴി എടുത്തത്. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. വിവാദ യാത്രയയപ്പുചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കലക്ടർ മൊഴി നൽകിയതായും സൂചനയുണ്ട്.

അതേസമയം, എ.ഡി.എം നവീൻ ബാബു കൈക്കൂലി വാങ്ങി എന്നതിനു ആരും തെളിവ് നൽകിയിട്ടില്ല. കൈക്കൂലി വാങ്ങി എന്നത് സംബന്ധിച്ച് മൊഴിപോലും ഇല്ല എന്നാണ് സൂചന. എന്നുമാത്രമല്ല, വിവാദമായ പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്ന കാര്യത്തിൽ എ.ഡി.എം നിയമപരമായി മാത്രമാണ് പ്രവർത്തിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി. പൊലീസ് റിപ്പോർട്ട് എതിരായിട്ടും എ.ഡി.എം ടൗൺ പ്ലാനിങ് വിഭാഗത്തിന്റ റിപ്പോർട്ട് തേടിയതായും അപേക്ഷകന് അനുകൂലമായാണ് പ്രവർത്തിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും പ്രോസിക്യൂഷൻ

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ശക്തമായ എതിർവാദവുമായി പ്രോസിക്യൂഷൻ. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ദിവ്യയുടെ അഭിഭാഷകൻ എ.ഡി.എമ്മിനെ കുറ്റപ്പെടുത്തിയപ്പോൾ, നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങൾ നിരത്തി. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിൽ ദിവ്യയുടെ ഹരജി വിധിപറയാൻ ഈ മാസം 29 ലേക്ക് മാറ്റി.

മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വ്യക്തിഹത്യയാണ് മരണകാരണം. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കലക്ടറുടെ മൊഴിയുണ്ട്. ദിവ്യയുടെ പ്രസംഗം വ്യക്തമായ ഭീഷണി സ്വരത്തിലായിരുന്നു. രണ്ട് ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണ്. മാധ്യമങ്ങളെ വിളിച്ച് വരുത്തിയ ദിവ്യ പ്രസംഗം റെക്കോർഡ് ചെയ്യാൻ പറഞ്ഞത് ആസൂത്രിതമാണ്. ചിത്രീകരിച്ച ദൃശ്യങ്ങൾ ദിവ്യ ചോദിച്ച് വാങ്ങി. സ്റ്റാഫ് കൗൺസിലിന്റെ പരിപാടിയിൽ ദിവ്യക്ക് പങ്കെടുക്കേണ്ട കാര്യമി​​ല്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

കേസിൽ ദിവ്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ അത്യാവശ്യമാണ്. ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ല. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ദിവ്യ. ഇവരൊക്കെ ഇങ്ങനെ ഉദ്യോഗസ്ഥരെ ക്രൂശിച്ചാൽ സമൂഹത്തിന്റെ അവസ്ഥ എന്താകും? അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് വിജിലൻസും പൊലീസും അടക്കം സംവിധാനങ്ങളെന്നും പ്രോസിക്യൂഷൻ ചോദിച്ചു.

Tags:    
News Summary - Naveen Babu death: pp divya did not cooperate with investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.