പാലാ വിട്ടുനൽകി എൽ.ഡി.എഫിൽ തുടരേണ്ട; ശരത് പവാർ കേരളത്തിലേക്ക്

മുംബൈ: പാലാ അടക്കം സിറ്റിങ് സീറ്റുകൾ വിട്ടു കൊടുത്ത് വിട്ടുവീഴ്ച വേണ്ടെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ. സിറ്റിങ് സീറ്റ് വിട്ടുനൽകി ഇടതുമുന്നണിയിൽ തുടരേണ്ടതില്ലെന്നാണ് പവാറിന്‍റെ തീരുമാനം.

രണ്ടാഴ്ചക്കുള്ളിൽ പാവാർ കേരളത്തിൽ എത്തി പാർട്ടി നിർവാഹക സമിതി അംഗങ്ങളുമായി ചർച്ച നടത്തും. നേതാക്കളുമായി ഒറ്റക്കൊറ്റക്കാണ് ചർച്ച നടത്തുക. സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്ററാണ് പവാറിന്‍റെ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.

പാല സീറ്റ്​ തരില്ലെന്ന്​ ഒൗദ്യോഗിക അറിയിപ്പുണ്ടാകുന്ന പക്ഷം എൻ.സി.പി തീരുമാനം പ്രഖ്യാപിക്കും. എടുത്തു ചാടി തീരുമാന പ്രഖ്യാപനം വേണ്ടെന്നാണ്​ പവാറിന്‍റെ നിർദേശം. തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് എൽ.ഡി.എഫ് നേട്ടമുണ്ടാക്കിയതായി അഭിപ്രായമില്ല. തങ്ങളുടെ വികാരം പവാറിനെ ബോധ്യപ്പെടുത്താനായി. കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം എ.കെ. ശശീന്ദ്രനും ബാധകമാണെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.

അര നുറ്റാണ്ടിന്​ ശേഷം പിടിച്ചെടുത്ത പാല സീറ്റ്​ വിട്ടുകൊടുക്കില്ലെന്ന്​ മാണി സി. കാപ്പനും ആവർത്തിച്ചു. പാലായിൽ എൻ.സി.പി തന്നെ മൽസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ പീതാംബരൻ മാസ്റ്ററെ കൂടാതെ മാണി സി. കാപ്പൻ അടക്കമുള്ളവർ പങ്കെടുത്തു.

പാല സീറ്റിനെ ചൊല്ലി തർക്കം മുറുകുന്നതിനിടെ മന്ത്രി എ.കെ ശശീന്ദ്രൻ ബുധനാഴ്​ച മുംബൈയിൽ എത്തി പവാറിനെ കണ്ടിരുന്നു. മുന്നണി മാറ്റം പാർട്ടിക്ക്​ ഗുണം ചെയ്യില്ലെന്നാണ്​ ശശീന്ദ്രൻ പവാറിനെ അറിയിച്ചത്​. ഇതിനു തൊട്ടുപിന്നാലെയാണ്​ പീതാമ്പരൻ മാസ്​റ്ററും മാണി സി, കാപ്പനും മുംബൈയിലെത്തുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.