തിരുവനന്തപുരം: എൻ.സി.പി ജയിച്ച സീറ്റുകൾ ആർക്കും വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ മാസ്റ്റർ. മുൻകാലങ്ങളിൽ എൻ.സി.പി മത്സരിച്ച നാല് സീറ്റുകളിലും പാർട്ടി തന്നെ മത്സരിക്കും. ഇക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
എൻ.സി.പി നാല് സീറ്റുകളിൽ മൂന്ന് സീറ്റുകളും പാർട്ടി ജയിച്ചതാണ്. ഒരെണ്ണം ജയിക്കാനുള്ള ഘട്ടത്തിലെത്തി നിൽക്കുകയാണ്. എൽ.ഡി.എഫിൽ ഘടകകക്ഷികൾ മത്സരിച്ചുകൊണ്ടിരിക്കുന്ന സിറ്റിങ് സീറ്റുകളിൽ അതത് പാർട്ടികൾ തന്നെ മത്സരിക്കുകയെന്നതാണ് ഇതുവരെ പിന്തുടരുന്ന നയം. തദ്ദേശ തെരഞ്ഞെടുപ്പിലും അങ്ങനെയാണ് ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ കക്ഷികൾ വരുമ്പോൾ വിട്ടുവീഴ്ച വേണമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ നാല് സീറ്റുള്ള പാർട്ടി ഒരു സീറ്റ് വിട്ടുകൊടുക്കുമ്പോൾ 25 ശതമാനം കുറയുന്നു എന്നാണർഥം. മറ്റ് കക്ഷികൾക്കും 25 ശതമാനം കുറയുകയാണെങ്കിൽ കുഴപ്പമില്ല. എന്നാൽ പുതിയ ഒരു കക്ഷി വന്നെന്നു കരുതി എൻ.സി.പി മാത്രം എല്ലാം സഹിക്കണമെന്നു പറയുന്നതെങ്ങനെ ശരിയാകും?. ജയിച്ച സീറ്റ് തോറ്റയാൾക്ക് കൊടുക്കണമെന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളതെന്നും ജയിച്ചതിനെ ഒരു കുറ്റമായാണോ കണക്കാക്കുന്നതെന്നും പീതാംബരൻ മാസ്റ്റർ ചോദിച്ചു.
നിലവിൽ യു.ഡി.എഫിലേക്ക് പോകേണ്ട സാഹചര്യമില്ല. പാലാ സീറ്റിന്‍റെ കാര്യത്തിലുള്ള ഉത്കണ്ഠ മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.