കുമളി: കോൺഗ്രസ് ഭരണസമിതി നേതൃത്വം നൽകുന്ന നെടുങ്കണ്ടം ഡീലേഴ്സ് കോ ഓപറേറ്റിവ് ബാങ്കിന്റെ കുമളി ബ്രാഞ്ച് മാനേജർ ഒരു കോടി രൂപ തട്ടിയെടുത്ത് മുങ്ങിയതായി പരാതി. ബാങ്കിന്റെ മാനേജരായിരുന്ന ചക്കുപള്ളം സ്വദേശി വൈശാഖ് മോഹനനെതിരെ ഭരണസമിതി നൽകിയ പരാതിയിൽ കുമളി പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ബാങ്കിൽ നിക്ഷേപം പിൻവലിക്കാനെത്തിയവർ പണം കിട്ടാത്തതിനെത്തുടർന്ന് കുമളി ബ്രാഞ്ചിന് മുന്നിൽ ശനിയാഴ്ച പ്രതിഷേധിച്ചതോടെ പൊലീസ് എത്തിയാണ് ഇവരെ തിരികെ അയച്ചത്.റേഷൻ ഡീലർമാരുടെ പേരിൽ രൂപം കൊണ്ട സൊസൈറ്റിയിൽ പിന്നീട് മറ്റ് വ്യാപാരികളെയും അംഗങ്ങളാക്കുകയായിരുന്നു.
നെടുങ്കണ്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹകരണ സൊസൈറ്റിക്ക് കുമളി, കട്ടപ്പന, അടിമാലി എന്നിവിടങ്ങളിൽ ശാഖകളുണ്ട്. 2021- 24 വരെ കുമളി ശാഖയിലെ മാനേജരായിരുന്ന വൈശാഖ് 1,00,49,000 രൂപയാണ് തട്ടിയെടുത്തത്. വൈശാഖിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ മതിയായ രേഖകളില്ലാതെ വായ്പ അനുവദിച്ചും ചിട്ടിയിൽനിന്നുള്ള തുക തിരിമറി നടത്തിയുമാണ് പണം കൈക്കലാക്കിയത്.
ബാങ്കിൽ വായ്പ തുക തിരിച്ചടക്കാൻ നൽകിയ പണം മരിച്ചയാൾക്ക് ചിട്ടിപ്പണമായി നൽകിയെന്നുവരെ രേഖയുണ്ടാക്കിയാണ് വൻതുക തട്ടിയത്. പലരുടെയും ഫിക്സഡ് ഡെപ്പോസിറ്റും തട്ടിയെടുത്തു. മൂന്നുമാസം മുമ്പ് അധികാരമേറ്റ പുതിയ ഭരണസമിതി നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.