തിരുവനന്തപുരം: സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വേണ്ടത് പഴയ ഇരുട്ടിലേക്ക് തിരിച്ചുപോകാതിരിക്കാനുള്ള സമരമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എം സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരണത്തിൻറ നൂറാം വാര്‍ഷികാഘോഷം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഘോഷത്തിെൻറ ഭാഗമായി സംസ്ഥാനത്തുടനീളം ശനിയാഴ്ച അരലക്ഷത്തിലേറെ കേന്ദ്രങ്ങളിൽ സി.പി.എം പ്രവർത്തകർ പതാക ഉയർത്തി. ബ്രാഞ്ച്, വാർഡ് കേന്ദ്രങ്ങൾ, പാർട്ടി ഓഫിസുകൾ, പ്രധാന സ്ഥലങ്ങൾ, കേന്ദ്രങ്ങൾ, രക്തസാക്ഷി സ്മാരകങ്ങൾ, സ്മൃതി മണ്ഡപങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലെല്ലാം പതാക ഉയർത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടികൾ.
തിരുവനന്തപുരത്ത് എ.കെ.ജി സെൻററിന് മുന്നിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം എം.വി. ഗോവിന്ദൻ പതാക ഉയർത്തി.സ്വാതന്ത്ര്യസമര ഘട്ടത്തില്‍തന്നെ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമിച്ചവര്‍ ഇന്നും ആ പരിശ്രമത്തിലാണെന്നും യെച്ചൂരി പറഞ്ഞു. മതസ്വാതന്ത്ര്യത്തെ നിലനിര്‍ത്തി, ഭരണകൂടത്തെ മതേതരമാക്കുക എന്നതാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. പക്ഷേ, ഇന്നത്തെ ഭരണകൂടം രാജ്യത്തെ മതാധിഷ്ഠിതമാക്കാന്‍ ശ്രമിക്കുകയാണ്.
ഇന്ത്യയെ ഹിന്ദു-മുസ്ലിം രാജ്യങ്ങളായി വിഭജിക്കണമെന്ന് മുഹമ്മദലി ജിന്നയെക്കാള്‍ മൂന്നുവര്‍ഷം മുമ്പ് ആവശ്യപ്പെട്ടത് സവര്‍ക്കറാണ്. ക്വിറ്റ് ഇന്ത്യാ സമരത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടി എതിരായിരുന്നെന്നത് വ്യാജ പ്രചാരണമാണ്.
അന്തമാന്‍ ജയിലിലെ തടവുകാരില്‍ 80 പേര് കമ്യൂണിസ്റ്റുകാരായിരുന്നു. ഭരണകൂടം ഭരണഘടനയുടെ എല്ലാ അടിസ്ഥാനമൂല്യങ്ങളും തകര്‍ക്കുന്നു. ഫെഡറലിസവും സമൂഹികനീതിയും ഇല്ലാതാക്കിക്കഴിഞ്ഞു. ന്യൂനപക്ഷങ്ങളും ദലിതരും ആക്രമിക്കപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.