കോഴിക്കോട് : ഇടുക്കി ദേവികുളം താലൂക്കിലെ നെല്ലിത്താനം എസ്റ്റേറ്റ് പാട്ട വ്യവസ്ഥയിൽ പ്ലാൻറേഷൻ കോർപ്പറേഷന് കൈമാറാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്. സുപ്രീം കോടതി വിധിന്യായ പ്രകാരം സർക്കാർ ഏറ്റെടുത്ത 224.21 ഏക്കർ റവന്യൂ ഭൂമിയാണിത്. ലീസ് പ്രൊപ്പോസൽ എത്രയും വേഗം സർക്കാരിൽ ലഭ്യമാക്കുന്നതിനുള്ള നടപടി ലാൻഡ് റവന്യൂ കമീഷണർ സ്വീകരിക്കണമെന്നും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉത്തരവിൽ വ്യക്തമാക്കി.
ആനവരിട്ടി വില്ലേജിലെ റീസർവേ നമ്പർ 12,13,24,15,16 എന്നിവയിൽ ഉൾപ്പെട്ട ഭൂമിയാണിത്. നെല്ലിത്താനം എസ്റ്റേറ്റിലെ ഏലംകൃഷിയിൽ നിന്ന് ആദായങ്ങൾ നഷ്ടപ്പെട്ടു പോകാതിരിക്കാനും, ഏലച്ചെടികൾ പരിപാലിച്ച് സംരക്ഷിക്കുന്നതിനും ആദായം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതിനുമാണ് പ്ലാൻറേഷൻ കോർപ്പറേഷന് പാട്ട വ്യവസ്ഥയിൽ കൈമാറുന്നത്.
എസ്റ്റേറ്റിന്റെ ആകെയുള്ള 224.21 ഏക്കർ ഭൂമിയിൽ അതിദരിദ്ര കുടുംബങ്ങൾക്ക് പതിച്ച് നൽകുന്നതിന് സർക്കാർ നീക്കിവെച്ച 25 ഹെക്ടർ ഒഴികെയുള്ള ഭൂമിയാണ് പ്ലാൻറേഷൻ കോർപ്പറേഷന് പാട്ടവ്യവസ്ഥയിൽ അനുവദിച്ച് നൽകുന്നത്. വിശദമായ ലീസ് പ്രോപ്പോസൽ തയാറാക്കുന്നതിന് കൂടുതൽ സമയം ആവശ്യമായതിനാൽ, ഈ ഭൂമി പ്ലാന്റേഷൻ കോർപ്പറേഷനു മുൻകൂറായി നൽകാമെന്ന് ഇടുക്കി കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. കലക്ടറുടെ നിർദേശം അംഗീകരിക്കാമെന്ന് ലാൻഡ് റവന്യൂ കമീഷണറും അറിയിച്ചു.
100 ഏക്കറോളം വരുന്ന കാർഡമം പ്ലാൻറേഷനിൽ നിന്നുള്ള ആദായം സർക്കാരിന് ദിനംപ്രതി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നെല്ലിത്താനം എസ്റ്റേറ്റ് പ്ലാൻറേഷൻ കോർപ്പറേഷന് പാട്ട വ്യവസ്ഥയിൽ കൈമാറുന്ന നടപടി ത്വരിതപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ടെന്ന് സ്പെഷൽ ഗവ.പ്ളീഡറും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് അനുമതി നൽകി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.