തിരുവനന്തപുരം: ശമ്പളമുടക്കം രണ്ടുമാസം പിന്നിട്ടതോടെ സംസ്ഥാനത്തെ എൻ.എച്ച്.എം ജീവനക്കാർ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പ്രത്യക്ഷ സമരം തുടങ്ങി. ഡോക്ടർമാർ രണ്ടു മണിക്കൂർ ഒ.പി ബഹിഷ്കരിച്ചു. നഴ്സുമാരും മറ്റ് പാരാമെഡിക്കൽ ജീവനക്കാരും രണ്ടു മണിക്കൂർ ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിന്നു. കറുത്ത ബാഡ്ജ് ധരിച്ചാണ് ജീവനക്കാരെല്ലാം ജോലിക്ക് ഹാജരായത്. ജനുവരി, ഫെബ്രുവരി മാസത്തെ ശമ്പളം ഇനിയും ലഭിക്കാത്ത സാഹചര്യത്തിലാണ് സി.ഐ.ടി.യു സമരം കടുപ്പിക്കുന്നത്.
നിസ്സഹകരണ സമരത്തിന്റെ ഭാഗമായി ഫീൽഡ് സന്ദർശനങ്ങളും ക്യാമ്പുകളും റിപ്പോർട്ടിങ് പ്രവർത്തനങ്ങളും നിർത്തിവെച്ചു. പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഗൃഹസന്ദർശനങ്ങൾ, രാഷ്ട്രീയ് ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർ.ബി.എസ്.കെ) പദ്ധതിയുടെ ഭാഗമായുള്ള സന്ദർശനങ്ങൾ എന്നിവയാണ് നിലച്ചത്. പകർച്ചവ്യാധികളുടെയടക്കം വിവരം പ്രതിദിനം സംസ്ഥാന തലത്തിൽ റിപ്പോർട്ട് ചെയ്യുന്നത് എൻ.എച്ച്.എം ജീവനക്കാരാണ്. നിസ്സഹകരണ സമരത്തോടെ ഇതും മുടങ്ങി. ആംബുലൻസ് ഡ്രൈവർമാരും ഫാർമസിസ്റ്റുകളും മുതൽ നഴ്സുമാരും ഡോക്ടർമാരും വരെ നീളുന്ന വലിയ ആതുര സേവന ശൃംഖലയാണ് സംസ്ഥാനത്തുള്ളത്. സമരം തുടങ്ങിയതോടെ ഈ ശൃംഖലയൊന്നാകെ സ്തംഭനാവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.